ജിയോ തരംഗത്തിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ് മറ്റ് ടെലികോം സേവനദാതാക്കൾ. ഒരുകാലത്ത് രാജ്യത്തെ മുൻനിരക്കാരായിരുന്ന ബി.എസ്.എൻ.എൽ പരിധിയില്ലാത്ത സൗജന്യ വോയിസ് കോൾ ഓഫറാണ് പുതിയതായി മുന്നോട്ടുവെക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോൾ ഓഫറിന് ബിഎസ്എൻഎൽസമയപരിധി വെച്ചിട്ടുണ്ട്. എല്ലാ പ്രീ-പെയ്ഡ് പ്ലാനുകൾക്കും ഇത് ലഭ്യമാണ്.
നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുത്തിട്ടുള്ള വരിക്കാർക്ക് ഇപ്പോൾ 250 മിനിറ്റ് അല്ലെങ്കിൽ പ്രതിദിനം 4 മണിക്കൂർ വരെ സൗജന്യ കോളുകൾ വിളിക്കാനാകും. ഈ സമയത്തിനപ്പുറത്തേക്ക് പോയാൽ ഉപഭോക്താക്കൾ പതിവ് നിരക്കുകൾ നൽകേണ്ടിവരും. ഡാറ്റ പാക്കേജുകൾ പോലെ, ഈ സമയ പരിധി അർദ്ധരാത്രി വരെ കണക്കാക്കുകയും അടുത്ത ദിവസം പുതുക്കുകയും ചെയ്യും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഉപയോക്താക്കളെ ആകർഷിക്കുന്ന ഓഫറുമായി ബിഎസ്എൻഎൽ രംഗത്തെത്തുന്നത്. ജൂലൈ മാസത്തിൽ 1.98 ലക്ഷം ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുന്നതിൽ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും പരാജയപ്പെട്ടുവെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കമ്പനി 151 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പരിഷ്കരിച്ചിരുന്നു, വെറും ഒരു ജിബി ഡാറ്റയ്ക്ക് പകരം 1.5 ജിബി ഡാറ്റ പരിഷ്ക്കരിച്ച ഓഫറിലുള്ളത്. പ്രതിദിനം 100 SMS സന്ദേശങ്ങളും പരിധിയില്ലാത്ത വോയ്സ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.