ബംഗളൂരു: ഇന്ത്യയുടെ ചരിത്രദൗത്യം ചന്ദ്രയാൻ രണ്ട് പേടകം ചന്ദ്രന് തൊട്ടരികെ. പേടകം വിജയകരമായി ചന്ദ്രൻറെ അന്തിമ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ആണ് പേടകം എത്തിയത്. പേടകം വിജയകരമായി ചന്ദ്രനിൽ ഇറങ്ങുന്ന വാർത്തക്കായി കാത്തിരിക്കുന്നു എന്ന് ISRO-യെ അഭിനന്ദിച്ച് പ്രധാനമന്ത്രി പറഞ്ഞു.
മൂന്നേ മുക്കാൽ ലക്ഷം കിലോമീറ്ററിലേറെ നീണ്ട യാത്ര പൂർണ്ണ വിജയം. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 പേടകം വിജയകരമായി അന്തിമ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 6. 21നാണ് ചന്ദ്രയാൻ-2 പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയത്. ചന്ദ്രയാനിൽ ഇനി രണ്ട് നിർണായക ഘട്ടങ്ങളാണ് ബാക്കിയുള്ളത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിക്രം ലാൻഡർ മാതൃ പേടകത്തിൽ നിന്ന് വേർപിരിയും. വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് പുലർച്ചെ ഇന്ത്യൻ സമയം ഒന്ന് അൻപത്തിയഞ്ചിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. പിന്നീട് വിക്രം ലാൻഡറിൽ നിന്നുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി പരീക്ഷണ യാത്ര തുടങ്ങും. ഈ ഘട്ടങ്ങൾ കൂടി വിജയമാകുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കും. ചരിത്ര നേട്ടം കൈവരിച്ച ഐഎസ്ആർഒ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പേടകം വിജയകരമായി ചന്ദ്രനിൽ ഇറങ്ങുന്ന വാർത്തക്കായി കൈത്തിരിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.