വാരാന്ത്യ ദിനങ്ങളിൽ സൌജന്യ ട്രയൽ സേവനവുമായി പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ സേവനം ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്. വൈകാതെ മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമാകുമെന്ന് നെറ്റ്ഫ്ലിക്സ് ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഗ്രെഗ് പീറ്റേഴ്സ് ചൊവ്വാഴ്ച വെളിപ്പെടുത്തി. നിലവിൽ ആദ്യമായി ലോഗിൻ ചെയ്യുന്നവർക്ക് പരിമിതമായി ഒരുമാസത്തെ ഫ്രീ ട്രയൽ പാക്കേജ് നെറ്റ്ഫ്ലിക്സ് നൽകുന്നുണ്ട്. ഇതുകൂടാതെയാണ് വാരാന്ത്യത്തിൽ രണ്ടു ദിവസം ഫ്രീ ട്രയൽ പാക്ക് അവതരിപ്പിക്കുന്നത്.
“രാജ്യത്ത് എല്ലാവർക്കും നെറ്റ്ഫ്ലിക്സിൽ രണ്ടുദിവസം സൌജന്യമായി പ്രവേശനം നൽകുന്നതാണ് പുതിയ പദ്ധതി ഞങ്ങളുടെ പക്കലുള്ള അതിശയകരമായ കഥകൾ, പുതിയ വെബ് സീരീസുകൾ, കുട്ടികൾക്കുള്ള സീരീസുകൾ, സിനിമകൾ തുടങ്ങിയവയൊക്കെ ഇതിൽ ലഭ്യമാകും. ഇതുവഴി നിരവധി പുതിയ വരിക്കാരെ നെറ്റ്ഫ്ലിക്സിന് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു ”- ബാർക്ലേസിന്റെ മീഡിയ അനലിസ്റ്റ് കണ്ണൻ വെങ്കിടേശ്വറിന് നൽകിയ അഭിമുഖത്തിൽ പീറ്റേഴ്സ് പറഞ്ഞു.
നെറ്റ്ഫ്ലിക്സ് ഹോളിവുഡിലെ ആനിമേഷന്റെ അതികായനാകാനുള്ള ശ്രമത്തിലാണ്. ഇതിനുവേണ്ടിയുള്ള ചില കരാറുകൾ യാഥാർഥ്യത്തിലേക്ക് എത്തുകയാണ്. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനികളുമായി നെറ്റ്ഫ്ലിക്സ് ധാരണയിലെത്തി കഴിഞ്ഞു. “പുതിയ അംഗങ്ങളെ ആകർഷിക്കുന്നതിനും അവർക്ക് മികച്ച നെറ്റ്ഫ്ലിക്സ് അനുഭവം നൽകുന്നതിനുമായി ഞങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്ത മാർക്കറ്റിംഗ് പ്രമോഷനുകൾ നോക്കുന്നു,” പുതിയ ട്രയലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞു.