ഇന്ത്യൻ ടെലികോം മേഖലയിൽ തരംഗം സൃഷ്ടിച്ചായിരുന്നു റിലയൻസ് ജിയോയുടെ വരവ്. വെൽക്കം ഓഫറായി സൌജന്യ ഡാറ്റ നൽകി തുടങ്ങിയ ജിയോ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വർക്കായി മാറിയിരിക്കുന്നു. ജിയോയ്ക്ക് നിലവിൽ 34 കോടിയിലധികം വരിക്കാരുണ്ടെന്ന് 42-ാമത് റിലയൻസ് വാർഷിക പൊതുയോഗത്തിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. 'സബ്സ്ക്രൈബർമാർ, വരുമാനം, ലാഭം എന്നിവയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ശൃംഖലയായി ജിയോ മാറിയിരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വർക്ക് കൂടിയാണ് ജിയോ'- മുകേഷ് അംബാനി പറഞ്ഞു.
പ്രതിമാസം ഒരുകോടി പുതിയ ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു. ജിയോയുടെ വളർച്ച ഈ നിരക്കിൽ പോയാൽ ഉടൻ തന്നെ 50 കോടി ഉപഭോക്താക്കളെന്ന ലക്ഷ്യത്തിലേക്ക് എത്തും. 5 ജി കണക്റ്റിവിറ്റി എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ച് വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ നിലവിൽ വേഗതയേറിയ എൽടിഇ + നെറ്റ്വർക്കിൽ ജിയോ പ്രവർത്തിക്കുന്നതിനാൽ, കുറഞ്ഞ ചെലവിൽ 5 ജി നെറ്റ്വർക്കിലേക്ക് മാറാൻ എളുപ്പമായിരിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
32 കോടി ഉപഭോക്താക്കളുണ്ടായിരുന്ന ഭാരതി എയർടെലിനെ മറികടന്നാണ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയത്. 2019 മെയ് മാസത്തിലാണ് എയർടെൽ ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം ജിയോ ഒഴികെയുള്ള മറ്റെല്ലാം ടെലികോം സേവനദാതാക്കൾക്കും നഷ്ടമാകുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടി വരുകയാണ്.