ന്യൂഡൽഹി: പ്രശസ്ത വീഡിയോ മീറ്റിംഗ് ആപ്പായ സൂം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ. വിവിധ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സൂം വാർത്തകളിൽ നിറഞ്ഞിരുന്നു. വ്യക്തിപരമായും ഔദ്യോഗികപരമായും സൂം ആപ്പ് ഉപയോഗിക്കുന്നവർ കേന്ദ്ര സർക്കാരിന്റെ സൈബർ കോഡിനേഷൻ സെന്റർ പുറപ്പെടുവിച്ചിട്ടുള്ള ചില മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശമുണ്ട്.
വീഡിയോ മീറ്റിംഗുകൾ സുരക്ഷിതമാക്കുന്നതിനാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സൂം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ സൂം ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിന്നു.
വീഡിയോ മീറ്റിംഗ് ആരംഭിച്ചു കഴിഞ്ഞാൽ ലോക്ക് മീറ്റിംഗ് ഓപ്ഷൻ ഉപയോഗിക്കുക(മീറ്റിംഗിന്റെ ചുമതലയുള്ള വ്യക്തിയാണ് ചെയ്യേണ്ടത്), ഓരോ മീറ്റംഗിനും പുതിയ ഐഡിയും പാസ് വേർഡും ഉപയോഗിക്കുക, വീഡിയോ മീറ്റിംഗിൽ പങ്കെടുക്കുന്നവരെ ചുമതലയുള്ള വ്യക്തി തിരിച്ചറിഞ്ഞ ശേഷം അവർക്ക് മാത്രം പ്രവേശനം നൽകുക, വീഡിയോ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് ആരെയും ജോയിൻ ചെയ്യാൻ അനുവദിക്കാതിരിക്കുക, വീഡിയോ മീറ്റിംഗിൽ പങ്കെടുക്കാനുള്ളവർ എത്തിക്കഴിഞ്ഞാൽ ലോക്ക് ചെയ്യുക. വീഡിയോ മീറ്റിംഗ് റെക്കോർഡ് ചെയ്യുന്നത് തടയാനുള്ള ഓപ്ഷൻ ഉപയോഗിക്കുക. എന്നിവയാണ് മാർഗ നിർദേശങ്ങൾ.
സൂമിലെ ചില ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടതാണ് മാർഗ നിർദേശങ്ങൾ. അജ്ഞാതരായ വ്യക്തികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നുഴഞ്ഞു കയറുന്നത് തടയുക, അനധികൃതമായി പ്രവേശിക്കുന്നവര്‍ കുറ്റകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് തടയുക, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ തടയാന്‍ കോണ്‍ഫറന്‍സുകളിൽ പ്രവേശിക്കാന്‍ പാസ്വേഡുകള് നല്‍കുക എന്നിവ ഉള്‍പ്പെടുന്നതാണ് സെര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍.