ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും താരങ്ങളുടെ പടലപിണക്കം. മുൻ നായകനും ഇതിഹാസതാരവുമായ വിരാട് കോഹ്ലിയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തമ്മിൽ ഉടക്കാണെന്നാണ് അണിയറസംസാരം. ഇരുവരും തമ്മിൽ സംസാരിക്കാറില്ലെന്നും ടീമുമായി അടുപ്പമുള്ളവർ പറയുന്നു. ശ്രീലങ്കയ്ക്കെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയ്ക്കിടയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
ഒരു വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ കോഹ്ലിക്ക് മാത്രം കൈകൊടുക്കാതിരുന്ന പാണ്ഡ്യയുടെ നടപടിയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയരാൻ കാരണം. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ വിക്കറ്റ് വീണതിന്റെ ആഘോഷത്തിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ അനുചിതമായ പെരുമാറ്റം വിരാട് കോഹ്ലിയെ വേദനിപ്പിച്ചു.
ഈ മാസം ആദ്യം ഗുവാഹത്തിയിൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ അപ്രതീക്ഷിതമായ ചിലത് ഇരുതാരങ്ങൾക്കുമിടയിൽ സംഭവിച്ചതായാണ് വിവരം. ഹാർദിക് പാണ്ഡ്യ വിരാട് കോഹ്ലിയെ പൂർണമായും അവഗണിച്ചതിന് പിന്നിലെ കാരണം എന്തായിരിക്കാം? മത്സരത്തിൽ നേരത്തെ, ബാറ്റു ചെയ്യുമ്പോൾ രണ്ടാം റൺസ് ഓടിയെടുക്കാൻ പാണ്ഡ്യ വിസമ്മതിച്ചതിന് കോഹ്ലി ക്ഷുഭിതനായിരുന്നു. ഇതിനുശേഷമാണ് ഇരു കളിക്കാരും തമ്മിലുള്ള ബന്ധം വഷളായത്.
ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 43-ാം ഓവറിലായിരുന്നു സംഭവം. കസുൻ രജിതയുടെ ഒരു പന്ത് ഓൺസൈഡിലേക്ക് പായിച്ച കോഹ്ലി അനായാസം ഒരു റൺസ് ഓടിയെടുത്തു. എന്നാൽ പന്ത് ഫീൽഡർ വിട്ടതോടെ, പെട്ടെന്ന് രണ്ടാമത്തെ റൺസിനായി കോഹ്ലി ഹാർദിക്കിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹാർദിക് റൺസിനായി ഓടാൻ തയ്യാറായിരുന്നില്ല. ഇതോടെ പിച്ചിന്റെ പാതിയോളമെത്തിയ കോഹ്ലിക്ക് തിരിച്ചുപോകേണ്ടിവന്നു.