ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ റയലിന് സമനില; മിന്നും ജയവുമായി ബയേൺ
അനൂപ് എ
News18 | November 27, 2019, 12:33 PM IST
1/ 4
80 മിനിറ്റ് വരെ 2-0ന് മുന്നിൽ നിന്ന ശേഷമാണ് റയൽ, പി എസ് ജിക്കെതിരെ സമനില വഴങ്ങിയത്. റയലിനായി കരിം ബെൻസെമ ഇരട്ടഗോൾ നേടി. എന്നാൽ, അവസാന 10 മിനിറ്റിൽ രണ്ട് ഗോളടിച്ച പി എസ് ജി ശക്തമായി തിരിച്ചു വന്ന് സമനില നേടുകയായിരുന്നു. എംബാപ്പെയും സരബിയയുമാണ് പി എസ് ജിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 13 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫ്രഞ്ച് ക്ലബ്. എട്ടു പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.
2/ 4
ഗ്രൂപ്പ് ഡിയിൽ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റികോ മാഡ്രിഡിനെ തോൽപിച്ചു. ഡിബാലയാണ് യുവന്റസിന്റെ വിജയഗോൾ നേടിയത്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഡിബാല വല ചലിപ്പിച്ചത്. ഡി ഗ്രൂപ്പിൽ 13 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡിന് 7 പോയിന്റാണുള്ളത്.
3/ 4
മൗറിഞ്ഞോയുടെ മടങ്ങിവരവ് - ചാംപ്യൻസ് ലീഗിലേക്കുള്ള മടങ്ങിവരവിൽ പരിശീലകൻ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം 4-2ന് ഒളിംപിയാക്കോസിനെ കീഴടക്കി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പോയ സീസണിലെ റണ്ണേഴ്സ് അപ്പ് ജയിച്ചത്. ഹാരി കെയ്ൻ ഇരട്ടഗോൾ നേടി. ടോട്ടനത്തിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം മൗറീഞ്ഞോയുടെ ആദ്യ ചാംപ്യൻസ് ലീഗ് മത്സരമായിരുന്നു ഇത്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഉക്രൈൻ ക്ലബ് ഷാക്തർ സമനിലയിൽ തളച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി.
4/ 4
ആറടിച്ച് ബയേൺ; ക്വാഡ്രപ്പിളുമായി ലെവൻഡോസ്കി - ബെൽജിയം ക്ലബ് റെഡ്സ്റ്റാർ ബെൽഗ്രേഡിനെ 6-0ന് തകർത്താണ് ബയേൺ മ്യൂണിക്ക് അഞ്ചാം ജയം സ്വന്തമാക്കിയത്. നാല് ഗോളടിച്ച റോബർട്ട് ലെവൻഡോസ്കിയാണ് ജർമൻ ചാംപ്യൻ ടീമിന് അനായാസജയം സമ്മാനിച്ചത്. 53,60,64,68 മിനിറ്റുകളിലായിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ. ഇതുവരെ കളിച്ച അഞ്ച് മത്സരവും ജയിച്ച ബയേൺ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.