ചെന്നൈ: ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനത്തിനിടെ കൺമുന്നിൽ നടന്ന റണ്ണൌട്ട് കാണാതെ അംപയർ. ഇന്ത്യൻ ഇന്നിംഗ്സിലെ 48-ാമത്തെ ഓവറിലായിരുന്നു സംഭവം. റണ്ണിനായി ഓടിയ ജഡേജ ക്രീസിലെത്തുമുമ്പ് ഡയറക്ട് ഹിറ്റിൽ വിക്കറ്റ് തെറിച്ചു. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന അംപയർ ഷോൺ ജോർജിന് ഇത് മനസിലായില്ല. ഈ സമയം വിക്കറ്റിനായി വിൻഡീസ് ഫീൽഡർമാർ അപ്പീൽ ചെയ്തെങ്കിലും അംപയർ അത് ഗൌനിച്ചില്ല. എന്നാൽ സ്റ്റേഡിയത്തിലെ സൈറ്റ് സ്ക്രീനിലെ റീപ്ലേയിൽ ജഡേജ പുറത്താകുകയാണെന്ന് വ്യക്തമായി. ഇതോടെ അംപയർ തീരുമാനം തേർഡ് അംപയർക്ക് വിട്ടു. പരിശോധനയിൽ ജഡേജ ഔട്ടാണെന്ന് വ്യക്തമാകുകയും തീരുമാനം വിധിക്കുകയും ചെയ്തു. ഉടൻ തന്നെ ജഡേജ പവലിയനിലേക്ക് മടങ്ങി.
എന്നാൽ ഈ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കോഹ്ലി രംഗത്തെത്തി. ഫീൽഡ് അംപയർ നോട്ടൌട്ട് വിധിച്ച സംഭവത്തിൽ വീണ്ടുമൊരു പുനഃപരിശോധന നടത്തിയതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. ഫീൽഡിൽ അംപയർ ഒരു തീരുമാനമെടുത്താൽ അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവിടെ കഴിയും. അംപയർമാർക്ക് പിഴവ് പറ്റുന്നത് പുതിയ കാര്യമല്ലെന്നുമാണ് കോഹ്ലി പറയുന്നത്.