ഐപിഎല്ലിലൂടെ (IPL) ഒരുപാട് യുവപ്രതിഭകളെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ വേദിയിലൂടെ വളർന്ന് ദേശീയ ടീമിൽ സ്ഥാനം നേടിയെടുത്ത താരങ്ങളുടെ പട്ടികയിലെ പുത്തൻ പേരുകളിൽ ഒന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ (Chennai Super Kings) ഓപ്പണിങ് ബാറ്ററായ ഋതുരാജ് ഗെയ്ക്വാദിന്റേതാണ് (Ruturaj Gaikwad). കഴിഞ്ഞ ഐപിഎല്‍ സീസണോടെയാണ് മഹാരാഷ്ട്രക്കാരനായ ഈ യുവ ബാറ്ററുടെ പ്രതിഭ ക്രിക്കറ്റ് ലോകം അറിഞ്ഞത്. ചെന്നൈ കിരീടം ചൂടിയ സീസണിൽ 635 റണ്‍സ് വാരിക്കൂട്ടി ടൂർണമെന്റിലെ ടോപ്സ്കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയു ചെയ്തിരുന്നു.
ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലിടം നേടിയ താരത്തിന് തന്റെ മൊത്തം കഴിവും പുറത്തെടുക്കാൻ പാകത്തിലുള്ള അവസരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ടീമിന് ഭാവിയിലേക്കുള്ള വാഗ്ദാനമായാണ് ഈ യുവതാരത്തെ ഏവരും വിലയിരുത്തുന്നത്. ഐപിഎല്ലിലെ പ്രകടനത്തോടെ ശ്രദ്ധേയനായ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചില വാർത്തകളാണ് പുറത്തുവരുന്നത്. ചെന്നൈയുടെ യുവ ബാറ്റർ മറാഠി നടി സയാലി സഞ്ജീവുമായി (Sayali Sanjeev) പ്രണയത്തിലാണെന്ന അഭ്യുഹങ്ങളാണ് പുറത്തുവരുന്നത്.
അറിയപ്പെടുന്ന മോഡലും കൂടിയായ സയാലി, ക്വിക്കര്‍, ബിര്‍ല ഐകെയര്‍, ഡുഇറ്റ് തുടങ്ങിയ ബ്രാന്‍ഡുകൾക്ക് വേണ്ടി മോഡലിങ്ങും ചെയ്തിട്ടുണ്ട്. അഭിനേത്രിയും കൂടിയായ സയാലിക്ക് 2016ലെ സീ മറാത്തിയുടെ മികച്ച നടിക്കുള്ള അവാർഡും ലഭിച്ചട്ടുണ്ട്. സീ മറാത്തി പരമ്പരയായ കഹേ ദിയാ പര്‍ദേസില്‍ വേഷമിട്ടതോടെയാണ് സയാലി പ്രശസ്തയായത്.