മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ എം എസ് ധോണി ഉണ്ടായേക്കില്ല. ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി സെലക്ടർമാരെ അറിയിച്ചെന്നാണ് റിപ്പോർട്ട്. യുവതാരങ്ങൾക്ക് പിന്തുണയുമായി ധോണി കുറച്ചുനാൾ കൂടി ടീമിൽ തുടരണമെന്ന നിലപാടിലാണ് ബിസിസിഐ. വിരാട് കോലി, ജസ്പ്രീത് ബുമ്ര അടക്കമുള്ളവർക്കും വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത.
ധോണിയുടെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ടീമിൽ സപ്പർ താരം ഉണ്ടാകില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി തന്നെ സെലക്ടർമാരെ അറിയിച്ചതയാണ് സൂചന. എന്നാൽ താരം വിരമിക്കനൊരുങ്ങുന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു. റിഷഭ് പന്താകും പരമ്പരയിൽ വിക്കറ്റ് കീപ്പർ. ദിനേശ് കാർത്തികിനെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. പെട്ടെന്ന് ധോണി വിരമിച്ചാൽ ചുമതല ഏറ്റെടുക്കാൻ പന്ത് പ്രാപത്നായിട്ടില്ലെന്നാണ് ടീ മാനേജ്മെന്റിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ധോണിയെയും പന്തിനെയും വരുന്ന ഏതാനും പരമ്പകളിൽ ഒരുമിച്ച് കളിപ്പിച്ച് യുവതാരത്തിന് ആവശ്യമായ മാർഗനിർദേശവും പരിചയമ്പത്തും ലഭ്യമാക്കാനാണ് ആലോചന. ഐപിഎല്ലിന് പിന്നാലെ ലോകപ്പിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ധോണി കളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിൻഡീസ് പരമ്പരയിൽ ഉൾപ്പെടുത്തേണ്ടെന്ന് ധോണി സെലക്ടർമാരെ അറിയിച്ചതെന്നാണ് സൂചന. വിരാട് കോലി, ജസ്പ്രീത് ബുമ്ര അടക്കമുള്ളവർക്കും പരമ്പരയിൽ ഏകദിന, ട്വനറി 20 മത്സരങ്ങളിൽ വിശ്രമം നൽകിയേക്കും. രോഹിതാകും നായകൻ. ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ക്യാപ്റ്റൻമാരെ നിയമിക്കുന്നതും ബിസിസിഐ ആലോചിക്കുന്നുണ്ട്. പരിശീലകരുടെ കാലാവധി വിൻഡീസ് പരമ്പരക്ക് ശേഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബിസിസിഐ അപേക്ഷ ക്ഷണിച്ചു. രവി ശാസ്ത്രി അടക്കമുള്ളവർ സ്ഥാനം നിലനിർത്താനാണ് സാധ്യത.