കറാച്ചി: സ്പോട്ട് ഫിക്സിംഗുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന ഡാനേഷ് കനേരിയ ശനിയാഴ്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും (പിസിബി) സർക്കാരിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പാക് സർക്കാരോ, ക്രിക്കറ്റ് ബോർഡോ തന്നെ സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ചെയ്തതെന്ന് കണ്ടെത്തിയ അതേ കുറ്റം ചെയ്തവർ പിന്നീട് പാകിസ്ഥാനുവേണ്ടി കളിക്കുകയും ബോർഡിന്റെയും സർക്കാരിന്റെ ആദരം നേടിയതായും കനേരിയ പറഞ്ഞു. പാക് ക്രിക്കറ്റ് ടീമിൽ കനേരിയ വിവേചനം നേരിട്ടുവെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഷൊയ്ബ് അക്തർ നടത്തിയിരുന്നു. ഇത് ശരിയാണെന്ന് കനേരിയ വ്യക്തമാക്കുകയും ചെയ്തു.
മുസ്ലീം ആധിപത്യമുള്ള രാജ്യത്ത് ഹിന്ദു എന്ന നിലയിൽ പാകിസ്താനിലെ പൗരന്മാർ തന്നോട് ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ലെന്നും 39കാരനായ കനേരിയ പറഞ്ഞു. "മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെ ജനങ്ങൾ എന്നോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. പാക്കിസ്ഥാന് വേണ്ടി സത്യസന്ധതയോടെ കളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ഭാവി പാകിസ്ഥാനിലെ സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും കൈകളിലാണ്. എന്റെ വിധി തീരുമാനിക്കാൻ ഇമ്രാൻ ഖാനും പിസിബിയ്ക്കും കഴിയും" കനേരിയ പറഞ്ഞു.