താര കുടുംബങ്ങളും താരങ്ങളും അടക്കിവാഴുന്ന സിനിമാലോകത്ത് വ്യത്യസ്തരാകുകയാണ് നടൻ മാധവനും (R Madhavan)അദ്ദേഹത്തിന്റെ മകൻ വേദാന്തും(Vedaant). തങ്ങളുടെ വഴിയേ മക്കളേയും സിനിമയിലേക്ക് എത്തിക്കാൻ താരങ്ങൾ ശ്രമിക്കുന്നതിനിടയിലാണ് മകന്റെ വേറിട്ട യാത്രയ്ക്ക് ആർ മാധവനും ഭാര്യയും പൂർണ പിന്തുണയും വഴിയുമൊരുക്കുന്നത്.
2026 ഒളിമ്പിക്സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. മകൻ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മാധവൻ തുറന്നു പറഞ്ഞിരുന്നു. തനിക്കോ ഭാര്യയ്ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂർണ പിന്തുണ നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്നും മാധവൻ നേരത്തേ പറഞ്ഞിരുന്നു.
ബാംഗ്ലൂരിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ നാല് വെള്ളി മെഡലും മൂന്ന് വെങ്കലമെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു. 800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 ഫ്രീസ്റ്റൈൽ, 4X100 ഫ്രീസ്റ്റൈൽ റിലേ, 4X200 ഫ്രീ സ്റ്റൈൽ എന്നിവയിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെങ്കല മെഡലും നേടി.