Diego Maradona Passes Away | സർവ്വം തികഞ്ഞ ധൂർത്തപുത്രൻ; ഫുട്ബോളിന്റേയും ജീവിതത്തിന്റേയും എല്ലാ ഋതുക്കളും പകർന്നാടിയയാൾ
ആഗോള ഫുട്ബാളിന് ഒരു കപ്പുണ്ടെങ്കിൽ അത് ഈ കയ്യിൽ അല്ലാതെ വേറെ എവിടെയാണ് ഇരിക്കേണ്ടത്.
News18 | November 25, 2020, 11:26 PM IST
1/ 7
ഫുട്ബോൾ എന്ന് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരിൽ ഇന്നൊന്നു കരയാത്തവർ ആരുണ്ട്. ലോകം ഒരു കാൽപ്പന്തിനു പുറകെ ആയിരുന്നില്ല കഴിഞ്ഞ പതിറ്റാണ്ടുകളിൽ, എല്ലാ കണ്ണുകളും കാലുകളും ഡീഗോ മറഡോണയ്ക്കു പിന്നാലെ ആയിരുന്നു.
2/ 7
പെലെ എന്ന മഹാരഥനും മെസിയും റോണാൾഡോയും വരെയുള്ള മഹാപ്രതിഭകൾക്കും ഇടയിൽ സർവ്വം തികഞ്ഞ ധൂർത്തപുത്രൻ. അതായിരുന്നു മറഡോണ. ഫുട്ബോളിന്റേയും ജീവിതത്തിന്റേയും എല്ലാ ഋതുക്കളും പകർന്നാടിയയാൾ.
3/ 7
ഡീഗോ മറഡോണ അന്നു പറഞ്ഞതു പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഫുട്ബോളിന് ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം കൈ തൊട്ടത് ഈ പന്തിൽ ആയിരുന്നില്ല. ആ പന്തിനെ അടിച്ച മറഡോണയുടെ നെറുകയിൽ ആയിരുന്നു. പ്രതിഭയുടെ ഈ ധാരാളിത്തം എത്ര ഫുട്ബോൾ ദൈവങ്ങൾ കനിഞ്ഞു നൽകിയതായിരിക്കണം.
4/ 7
എന്നും ഒറ്റയ്ക്കായിരുന്നു മാറഡോണ. എതിരാളികൾ മുഴുവൻ വളഞ്ഞിട്ട് പിടിക്കുന്നയാൾ. ഒപ്പമുള്ളവരെ പേടിപ്പിച്ച് അകറ്റി നിർത്തുന്നയാൾ. മധ്യനിരയിൽ നിന്നിങ്ങനെ ഒറ്റയ്ക്കു കയറിപ്പോയി മറഡോണ സ്ഥാപിച്ചതാണ് ആ ആഗോള സിംഹാസനം.
5/ 7
ആ സിംഹാസനം ആസ്ഥാനമായത് ഫുട്ബോൾ എന്ന ആഗോളമതത്തിനായിരുന്നു. അതിന്റെ തിരുക്കുറലുകൾ പച്ചപ്പുൽമൈതാനങ്ങളിലാണ് കാൽപ്പന്തുകൊണ്ട് ഈ വിശുദ്ധൻ എഴുതിയിട്ടത്. ലോകമെങ്ങുമുള്ളവർക്ക് ഒരുപോലെ മനസ്സിലായ ഒരേയൊരു ഭാഷയായിരുന്നു അത്.
6/ 7
ഈ പിരിപിരുപ്പിനെ ലോകം ഭ്രാന്തെന്നു വിളിച്ചു. ആ ഭ്രാന്തിനെ ഒരലങ്കാരമായി മറഡോണ കൊണ്ടു നടന്നു. ഒരു ഭ്രാന്തനു മാത്രമേ ഇങ്ങനെ പത്തുപേരേ ഓടിത്തോൽപ്പിച്ച് ഒഴിഞ്ഞ പോസ്റ്റിൽ ഗോളടിക്കാൻ കഴിയുമായിരുന്നുള്ളു.
7/ 7
ലോകം ഡ്രിബ്ളിങ് എന്താണെന്നു പഠിച്ചത് ഈ ഭ്രാന്തനിൽ നിന്നായിരുന്നു. മെക്സിക്കൻ തിരമാലകൾ എന്തെന്നു ലോകമറിഞ്ഞ 1986ലെ ലോക കപ്പ്. ടീമിനെ നയിച്ച് ഒറ്റയ്ക്കു ഫൈനൽ വരെ എത്തിച്ച് പിന്നെയാ ഫൈനലിൽ... ഓ അന്ന് ഫുട്ബോളിൽ നിന്നു തന്നെ ഇല്ലാതായിപ്പോവുകയായിരുന്നു പശ്ചിമജർമനി. ആഗോള ഫുട്ബാളിന് ഒരു കപ്പുണ്ടെങ്കിൽ അത് ഈ കയ്യിൽ അല്ലാതെ വേറെ എവിടെയാണ് ഇരിക്കേണ്ടത്.