1952ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തിരു-കൊച്ചി സന്ദർശിക്കാനെത്തി. കോട്ടയത്ത് നിന്ന് ആലപ്പുഴ സന്ദർശിക്കാനൊരുങ്ങിയ നെഹ്റുവിനായി ആലപ്പുഴക്കാർ ജില്ലയുടെ അതിർത്തിയിൽ ഒരു വള്ളംകളി സംഘടിപ്പിച്ചു. ഒൻപത് ട്രാക്കുകളിലായി ഒൻപത് ചുണ്ടൻവള്ളങ്ങളാണു അന്നേദിവസം മത്സരിച്ചത്. ട്രാക്കുകളിൽ വള്ളംകളി മത്സരം നടത്തുന്നത് തന്നെ ആദ്യം. സ്റ്റാർട്ടിംഗിനായി വെടിപൊട്ടിയതും ഒൻപതു ചുണ്ടൻ വള്ളങ്ങൾ മുൻപോട്ട് കുതിച്ചു. മിനിറ്റുകൾക്കു ശേഷം വള്ളംകളി അവസാനിക്കുമ്പോൾ നടുഭാഗം മുന്നിലെത്തി. ആവേശഭരിതനായ നെഹ്റു നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.(ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)
മറ്റുവള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയൊടെ നെഹ്റുവുമായി പാടിത്തുഴഞ്ഞ് വള്ളം ആലപ്പുഴക്ക്. ഡൽഹിയിൽ തിരികെയെത്തിയ നെഹ്റു വിജയികൾക്കായി തന്റെ കയ്യൊപ്പു പതിപ്പിച്ച ഒരു വെള്ളിച്ചുണ്ടൻ ട്രോഫിയായി അയച്ചുകൊടുത്തു. അന്ന് അതിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു.'To the winners of the boat race which is a unique feature of community life in Travancore Cochin' എന്ന് എഴുതിയിരുന്ന ആ ട്രോഫിയിൽ നെഹ്രുവിന്റെ മരണ ശേഷം നെഹ്റു ട്രോഫിയായി.(ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)
പമ്പയാറിന്റെ തീരത്ത് ചമ്പക്കുളത്തിന് പടിഞ്ഞാറാണ് നടുഭാഗം. 1927-ൽ തിരുവിതാംകൂർ ദിവാനായിരുന്ന എം. ഇ. വാട്ട്സ് ജലോത്സവത്തിനെത്തി. ഒപ്പം ഒരു ട്രോഫിയും. ചമ്പക്കുളം വള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന നടുഭാഗംകാർ സ്വന്തം കരയുടെ പേരിൽ വള്ളം വേണമെന്ന ആഗ്രഹം ദിവാനെ അറിയിച്ചു. അങ്ങനെ ദിവാന്റെ സഹായത്തോടെ നടുഭാഗംകാർ വെമ്പാലയിൽ നിന്നും പള്ളിയോടം വാങ്ങി. മാറ്റങ്ങൾ വരുത്തി നടുഭാഗം എന്ന പേരിൽ നീറ്റിലിറക്കി. പിന്നീട് 1940-ൽ സ്വന്തമായി പുതിയൊരു ചുണ്ടൻ പണിതു. ഇപ്പോൾ ഉള്ളത് മൂന്നാമത്തേതാണ്. 2015-ലാണ് ഇതു നീറ്റിലിറക്കിയത്.(ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)
നെഹ്റു ട്രോഫിക്ക് കാരണമായ 1952ലെ വള്ളംകളി വിജയിച്ചശേഷം പിന്നീട് നെഹ്റു ട്രോഫി നേടാൻ നടുഭാഗത്തിനായിട്ടില്ല. എന്നാൽ നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിൽ പ്രവേശിച്ച വള്ളം നടുഭാഗമാണെന്നാണ് കരുതപ്പെടുന്നത്. 36 തവണയാണ് പഴയ നടുഭാഗം ചുണ്ടൻ പുന്നമടയിൽ ഫൈനലിലെത്തിയത്. (ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)
അയൽക്കാരായ നെപ്പോളിയൻ, പാർത്ഥസാരഥി, ചമ്പക്കുളം എന്നിവ പലതവണ വെള്ളിച്ചുണ്ടനിൽ മുത്തമിട്ടപ്പോഴും നടുഭാഗത്തെ നിർഭാഗ്യം തുടർന്നുകൊണ്ടിരുന്നു. എന്നാൽ ഇക്കാലയളവിൽ ചമ്പക്കുളം മൂലം ജലോത്സവം ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നടുഭാഗം ചുണ്ടൻ വിജയിയായിട്ടുണ്ട്. 1986ൽ കൊച്ചിയിൽ നടന്ന റിപ്പബ്ലിക്ക് ട്രോഫി നേടി. (ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)
2015ൽ പുതിയ ചുണ്ടനെത്തി. ഉശിരോടെ പൊരുതിമുന്നേറി. പുതിയ ചുണ്ടനുമായി ഇറങ്ങിയെങ്കിലും 2015ൽ നെഹ്റു ട്രോഫിയിൽ നിരാശയായിരുന്നു ഫലം. എന്നാൽ മാന്നാർ മഹാത്മാ ജലോത്സവം ജയിച്ചുകൊണ്ട് പുത്തൻ ചുണ്ടൻ വരവറിയിച്ചു. 2016ലും 2017ലും മാന്നാറിൽ വിജയികളായി ഹാട്രിക് തികച്ചു. 2016ൽ മൂലം ജലോത്സവവും ജയിച്ചു. (ചിത്രം: പ്രശാന്ത് നായർ മംഗലശ്ശേരി)