ബ്രസീലിനായി 92 മത്സരങ്ങളിൽ 77 ഗോളുകളടിച്ചു. പ്രൊഫഷണൽ കരിയറിൽ ആകെ 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ. 1971 ജൂലൈ 18ന് ബ്രസീൽ ജഴ്സിയിൽ അവസാന മത്സരം കളിച്ചു. 1977 ഒക്ടോബർ 1ന് സാന്റോസ് കുപ്പായത്തിൽ അവസാന പ്രൊഫഷണൽ പോരാട്ടം. കരിയറിൽ ആകെക്കളിച്ചത് രണ്ടേ രണ്ട് ക്ലബ്ബുകൾക്ക് വേണ്ടി. സാന്റോസിനെക്കൂടാതെ ന്യൂയോര്‍ക്ക് കോസ്മോസിൽ മാത്രം. (ഫയൽ ചിത്രം)
1958ൽ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ പെലെയ്ക്കു പ്രായം 17 വയസ്സ്. ആ വർഷം ഫൈനലിലെ ഗോളുകൾ കണ്ട സ്വീഡനിലെ കമന്റേറ്റർമാർ ‘വിസ്മയം’ എന്നാണ് പെലെയുടെ കളിയെ വാഴ്ത്തിയത്. ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുന്നവൻ എന്ന വിശേഷണവും ചാർത്തിക്കിട്ടി. ലോകത്തുളള എല്ല കാൽപന്ത് ആരാധകരുടെ മനസ്സിലും ബ്രസീലിനെ പരിചയപ്പെടുത്തിയത് ഫുട്ബോൾ ഇതിഹാസമായ പെലെയായിരുന്നു.
1970കളുടെ ആദ്യം ഒരു പത്രലേഖകന് പെലെയോട് "ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന് ആരാണെന്ന് ചോദിച്ചപ്പോള്‍ മറുപടിയായി പറഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. ''ജര്‍മനിയുടെ ബെക്കന്‍ ബോവര്‍''. രണ്ടാമത്തെ മികച്ച കളിക്കാരന്? ''ഇംഗ്ലണ്ടിന്റെ ബോബി ചാള്ട്ടന്''. മൂന്നാമന്? ''ഇറ്റലിയുടെ ലൂയിജി റിവ''. നാലാമന്? ''അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്''. അഞ്ചാമന്? ''ഹോളണ്ടിന്റെ യോഹന് ക്രൈഫ്''. അപ്പോള്‍ പെലെയുടെ സ്ഥാനം? ''ഞാനോ,ഞാനൊരു സാധാരണ ഫുട്ബോള്‍ കളിക്കാരന്''.താന്‍ രാജാവെന്ന് ഒരിക്കലും പെലെ പറഞ്ഞില്ല. അത് ഫുട്ബോള്‍ ലോകം ഹൃദയപൂര്‍വം സമ്മാനിച്ച പദവിയാണ്; കിരീടമാണ്.