ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് 35കാരനായ ബെൻസേമ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ പ്രധാന പ്രതീക്ഷയായിരുന്ന ബെൻസേമയ്ക്ക്, പരിശീലനത്തിനിടെ പരിക്കേറ്റതോടെ ലോകകപ്പ് പൂർണമായും നഷ്ടമായിരുന്നു. പരിശീലനത്തിനിടെ ഇടതു തുടയിലെ പേശിയിലാണ് പരിക്കേറ്റത്.
ബെൻസേമയുടെ അഭാവത്തിലും തകർപ്പൻ പ്രകടനവുമായി മുന്നേറിയ ഫ്രാൻസ്, അർജന്റീനയോടു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതേസമയം, ഫൈനലിനു തൊട്ടുമുൻപായി പരിശീലനം പുനരാരംഭിച്ച ബെൻസേമ അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ, തന്റെ 35ാം ജന്മദിനത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഫ്രഞ്ച് ജഴ്സിയിൽ 97 കളികളിൽനിന്ന് 37 ഗോളുകൾ നേടിയിട്ടുള്ള ബെൻസേമ, ക്ലബ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനായി തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കി. 2014 ലോകകപ്പിൽ ഫ്രാൻസിന്റെ ടോപ് സ്കോററായിരുന്ന താരം റഷ്യ ലോകകപ്പിൽ ഫ്രഞ്ച് ടീമിലുണ്ടായിരുന്നില്ല. പഴയ സഹതാരം മാത്യു വാൽബ്യേന ഉൾപ്പെടുന്ന സെക്സ് ടേപ്പ് വിവാദത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ബെൻസേമയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം മേയിലാണ് ദേശീയ ടീമിൽ തിരിച്ചെത്തിയത്.
ഇതിനിടെ ബലോൺ ദ ഓറിന്റെ തിളക്കവും ഈ വർഷം ബെൻസേമയെ തേടിയെത്തി. ലാ ലിഗയിലും ചാംപ്യൻസ് ലീഗിലും റയൽ മഡ്രിഡിനെ ചാംപ്യന്മാരാക്കുന്നതിൽ വഹിച്ച നിർണായക പങ്കും യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനു വേണ്ടി കാഴ്ച വച്ച പ്രകടനവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയത്.