ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാനാണ് വീരേന്ദർ സെവാഗ്. എതിർ ബൌളിങ് നിരയുടെ പേടിസ്വപ്നമായിരുന്നു, കൂട്ടുകാരുടെയും ആരാധകരുടെയും പ്രിയപ്പെട്ട വീരു. ഏതു ബൌളർമാരെയും തച്ചുതകർക്കുന്ന ശൈലിയായിരുന്നു സെവാഗിന്റേത്. ടെസ്റ്റ്, ഏകദിനം, ടി20 ഫോർമാറ്റുകളിൽ ഒരുപോലെ മിന്നിയ താരം. ഇപ്പോഴിതാ, സെവാഗിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയായിരുന്നു അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന ഗൌതം ഗംഭീർ.
ടെസ്റ്റ് ക്രിക്കറ്റിൽ സെവാഗ് ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നുവെന്ന് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിൽ ഗംഭീർ പറഞ്ഞു. ഏകദിന സ്പെഷ്യലിസ്റ്റെന്ന നിലയിൽ തിളങ്ങിയിരുന്ന സെവാഗ് ടെസ്റ്റിൽ ഓപ്പണറെന്ന നിലയിൽ വലിയ വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇർഫാൻ പത്താനൊപ്പം പങ്കെടുത്ത പരിപാടിയിൽ ഗംഭീർ പറഞ്ഞു.
എന്നാൽ ഓപ്പണറായി ഇറങ്ങിയ സെവാഗ് അടിച്ചെടുത്ത 83 റൺസായിരുന്നു ഇന്ത്യൻ വിജയത്തിന് അടിത്തറയായത്. സെവാഗ് ആയിരുന്നു മാൻ ഓഫ് ദ മാച്ച് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് ഗംഭീർ പറഞ്ഞു. 387 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കുവേണ്ടി സെവാഗ് 68 പന്തിൽ 83 റൺസ് നേടി. 11 ഫോറും നാലു സിക്സറും ഉൾപ്പെടുന്നതായിരുന്നു വീരുവിന്റെ ഇന്നിംഗ്സ്. ലഞ്ച് വരെ സെവാഗ് ബാറ്റുചെയ്താൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ഉറപ്പായി കഴിഞ്ഞുവെന്നും ഗംഭീർ പറഞ്ഞു.
വീരുവിനെക്കുറിച്ച് ഇർഫാൻ പത്താനും നൂറു നാവാണ്. ടീമിലെ എല്ലാവരെയും ഉപദേശിക്കുന്ന സെവാഗ് പക്ഷേ ആരുടെയും ഉപദേശം സ്വീകരിക്കില്ലെന്ന് പത്താൻ പറയുന്നു. 2003ലെ മെൽബൺ ടെസ്റ്റിൽ സെവാഗ് പുറത്തെടുത്ത പ്രകടനം പത്താൻ ഓർമ്മിച്ചു. ഇരുന്നൂറിനടുത്ത് എത്തിയിട്ടും സിക്സറടിക്കാൻ ശ്രമിച്ച സെവാഗ് പുറത്തായി. ഇങ്ങനെ കളിച്ചിരുന്ന മറ്റൊരു താരത്തെ ഒരിക്കലും ഇന്ത്യൻ ടീമിൽ കാണാനായിട്ടില്ല, എന്തിനേറെ പറയുന്നു, രഞ്ജിയിൽ പോലും ഇങ്ങനെയൊരു താരമില്ലെന്ന് പത്താൻ ചൂണ്ടിക്കാട്ടി.