മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കളത്തില്‍ നിരവധി വീറുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ കുരുങ്ങി വിലക്ക് നേരിട്ട് ഏറെക്കാലം പുറത്തിരുന്ന ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീ വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ നടക്കാതെ പോയ തന്റെ ചില ആഗ്രഹങ്ങളെ കുറിച്ച് ശ്രീ വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ ന്യൂസ് പ്രതിനിധിയുമായി സംസാരിക്കവേയായിരുന്നു ശ്രീ തന്റെ നടക്കാതെ പോയ ആഗ്രഹങ്ങളെ കുറിച്ച് പങ്കുവെച്ചത്.
ഐപിഎല്ലിൽ എം എസ് ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച് വിരമിക്കണമെന്നത് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാൽ താരലേലത്തിൽ ടീമുകൾ എടുക്കാതെ വന്നതോടെ അത് നടന്നില്ല, താരലേലത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാൻ കഴിഞ്ഞെങ്കിലും ലേലത്തിൽ ആരും വാങ്ങാതിരുന്നതിൽ വിഷമവും നിരാശയുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. അതേസമയം, റെഡ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം രഞ്ജി ട്രോഫിയിലൂടെ സാധിച്ചതിൽ താൻ സന്തോഷവാനാണെന്നും താരം പറഞ്ഞു.
‘വീണ്ടും റെഡ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇത്തവണത്തെ രഞ്ജി ട്രോഫിയിലൂടെ അത് സാധിച്ചെടുത്തു. രഞ്ജിയിൽ നന്നായി പന്തെറിയാൻ കഴിഞ്ഞിരുന്നു. കുറച്ചുകൂടി വിക്കറ്റുകൾ ലഭിക്കേണ്ടതായിരുന്നെങ്കിലും നിർഭാഗ്യവശാൽ അത് ലഭിച്ചില്ല. എന്തായാലും മൂന്ന് ഫോർമാറ്റിലും തിരിച്ചുവരവ് നടത്താനായി. മടങ്ങിവരവിൽ കേരളത്തിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കളിക്കാൻ സാധിച്ചു.' - ശ്രീ പറഞ്ഞു.
‘സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുക എന്നതാണ് എന്റെ നയം. പ്രായം തളർത്തിയിട്ടില്ലെങ്കിലും വളർന്നുവരുന്ന യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കാനാണ് എന്റെ തീരുമാനം. ഏതോ ഒരാൾ കളി നിർത്തിയപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്. അതുപോലെ ഞാൻ ക്രിക്കറ്റിനോട് വിടപറയുമ്പോൾ അത് പുതിയൊരാൾക്ക് വഴി തുറന്നുകൊടുക്കും. ദൈവാനുഗ്രഹത്താൽ രണ്ട് ലോകകപ്പുകൾ കളിക്കാനും അവയിൽ കിരീടനേട്ടത്തിൽ പങ്കാളിയാകാനും കഴിഞ്ഞു. ഇപ്പോൾ ഇന്ത്യൻ ടീമിലും കേരള ടീമിലും മികച്ച പേസ് ബോളർമാരുണ്ട്. അവരെല്ലാം ഇനിയും ഉയരങ്ങളിലേക്ക് എത്തുകയും ഒപ്പം തന്നെ എന്നെക്കാൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.’ – ശ്രീശാന്ത് പറഞ്ഞു.
‘ഓരോ പടിയായി മുന്നോട്ട് എന്നത് പോലെയായിരുന്നു ഐപിഎല്ലിലെ കാര്യം. കഴിഞ്ഞവട്ടം ലേലത്തിനുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടി. ഇത്തവണ അതും കടന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇതോടെ അടുത്ത തവണ എന്തായാലും ഉൾപ്പെടുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, എനിക്കിപ്പോൾ 39 വയസ്സു കഴിഞ്ഞു. അടുത്ത ലേലം എപ്പോഴാണെന്ന് അറിയില്ല. ഇത്തവണ ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച് വിരമിക്കണമെന്ന് ഉണ്ടായിരുന്നു. 2011ൽ എന്റെ കൂടെ ലോകകപ്പ് നേടിയ ടീമിലെ പല താരങ്ങളും അങ്ങനെയാണ് വിരമിച്ചത്. പക്ഷേ, എനിക്ക് മാത്രം അതിനായില്ല.’ – ശ്രീശാന്ത് പറഞ്ഞു
‘രഞ്ജി ട്രോഫിയിൽ വളരെ മികച്ച പ്രകടനം നടത്താനായിരുന്നു. രണ്ട് ഇന്നിങ്സിലുമായി ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞതും ഞാൻ തന്നെയായിരുന്നുവെന്ന് തോന്നുന്നു. മാത്രമല്ല, മികച്ച വേഗം കണ്ടെത്താനും കഴിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെ പ്രകടനങ്ങളെ താരതമ്യം ചെയ്യുമ്പോൾ രഞ്ജിയിൽ മികച്ച രീതിയിൽ പന്തെറിയാൻ കഴിഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരം തന്നെ വിരമിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, ആരെങ്കിലും പിടിച്ചു പുറത്താക്കും മുൻപ് വിടവാങ്ങുന്നതല്ലെ നല്ലത്?’ – ശ്രീശാന്ത് പറഞ്ഞുനിർത്തി.
ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം കളിക്കാനായില്ല. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ ശ്രീയും അംഗമായിരുന്നു. 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാക് ക്യാപ്റ്റൻ മിസ്ബാ ഉള് ഹഖിന്റെ ക്യാച്ചെടുത്ത് ഇന്ത്യയുടെ വിജയത്തിലെ നിർണായക പങ്ക് വഹിക്കാനും താരത്തിനായിരുന്നു. കളിക്കളത്തിൽ എപ്പോഴും അഗ്രസീവായി പെരുമാറിയിരുന്ന ശ്രീശാന്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തിയത് ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദമായിരുന്നു. ഇതേത്തുടർന്ന് വർഷങ്ങളോളമാണ് താരത്തിന് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്.