ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ എക്കാലത്തും മികച്ച കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇവരൊന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെപ്പോലെ 'അതിമോഹിയായ' വ്യക്തികൾ ആയിരുന്നില്ല എന്ന് പറഞ്ഞാൽ തെറ്റില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ, ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സാങ്കേതിക തികവും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ പിന്തുടരുന്ന ഫിറ്റ്നസ് ഫോർമുലയുമാണ് ശീലിച്ച് പോന്നത്. ഇതിനായി കഠിനാദ്ധ്വാനം നടത്തിയ കോഹ്ലി ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരം ക്രിക്കറ്റിലെ പല ബാറ്റിംഗ് റെക്കോർഡുകളും കീഴടക്കി റൺ മെഷീൻ എന്ന വിളിപ്പേര് കൂടി നേടിയെടുത്തു.
കഠിനാദ്ധ്വാനത്തിന്റെ ഫലമായി സ്വായത്തമാക്കിയ മികച്ച ബാറ്റിംഗ് ശൈലി കൊണ്ട് കോഹ്ലി ലോകോത്തര ബൗളർമാരെ പോലും നിഷ്പ്രഭമാക്കിയാണ് മുന്നേറിയത്. തികഞ്ഞ പോരാളി കൂടിയായ കോഹ്ലി തന്റെ ആക്രമണോൽസുക മനോഭാവം കൂടി ബാറ്റിങ്ങിലേക്ക് സമന്വയിപ്പിച്ച് എതിർ ടീമുകളെ പലപ്പോഴും കാഴ്ചക്കാരാക്കി മാറ്റുന്ന പ്രകടനങ്ങൾ കൂടി നടത്തിയിരുന്നു. തന്റെ ഈ ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ഇന്ത്യയെ ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർത്താനും കോഹ്ലിക്ക് കഴിഞ്ഞു. ഇന്ത്യയുടെ ചേസ് മാസ്റ്റർ ഇന്ന് 33ാ൦ ജന്മദിനം ആഘോഷിക്കുമ്പോൾ, ക്രിക്കറ്റ് കരിയറിൽ താരം ഇതുവരെ സ്വന്തമാക്കിയ റെക്കോർഡുകൾ നോക്കാം -
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പട്ടികയില്‍ മൂന്നാമതാണ് കോഹ്ലിയുടെ സ്ഥാനം. 2017ല്‍ 2818 റണ്‍സ് നേടിയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും (2868 റണ്‍സ്), മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗുമാണ് (2833 റണ്‍സ്) കോഹ്ലിക്ക് മുന്നിലുള്ളത്.