മുംബൈ: പുറം വേദനയെത്തുടർന്ന് വിശ്രമിക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ലണ്ടനിൽ ശസ്ത്രക്രിയ. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ശസ്ത്രക്രിയക്ക് വിധേയനായ വിവരം പുറത്തുവിട്ടത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഹാർദിക് ട്വിറ്ററിൽ കുറിച്ചു. ശസ്ത്രക്രിയയെ തുടർന്ന് അഞ്ച് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് പരമ്പരകൾ ഹാർദികിന് നഷ്ടമായേക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിൽനിന്ന് പാണ്ഡ്യയെ ഒഴിവാക്കിയിരുന്നു. 2018ലും സമാനരീതിയിൽ പരിക്കേറ്റ പാണ്ഡ്യ ചികിത്സ തേടിയിരുന്നു. അന്ന് ചികിത്സിച്ച ഡോക്ടർ തന്നെയാണ് ഇപ്പോഴും ചികിത്സിക്കുന്നതെന്ന് പാണ്ഡ്യ പറഞ്ഞു.