മഴ മൂലം പ്രാഥമിക ഘട്ടത്തിൽ നഷ്ടമായ മൽസരം സെമിയിൽ അവതരിക്കുന്നു. പട്ടികയിൽ മുന്നിലുള്ള ഇന്ത്യയും നാലാമതുള്ള ന്യൂസിലൻഡും തമ്മിലാണ് ആ ക്ലാസിക് പോരാട്ടം. പരിശീലന മൽസരത്തിൽ ഇന്ത്യയെ തോൽപിച്ചതിന്റെ ഖ്യാതി കീവീസിനുണ്ടെങ്കിലും കളി കാര്യമായപ്പോൾ സ്ഥിതിയാകെ മാറിയിട്ടുണ്ട്. ട്രെന്റ് ബൗള്‍ട്ടിന്റെ സ്വിങ് ബൗളുകള്ക്കു മുന്നില്‍ അന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ നിഷ്പ്രഭരായിരുന്നു. എന്നാൽ അന്നത്തെ അവസ്ഥയല്ല ഇന്ത്യയുടേത്. നല്ല കളികളിലൂടെ പോയിന്റ് പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയപ്പോൾ തപ്പിത്തടഞ്ഞായിരുന്നു കീവീസിന്റെ വരവ്.
ഏഴു തവണ ന്യൂസിലൻഡ് സെമി ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യയെ നേരിടുന്നത്. 8 ല്‍ 7 തവണയും സെമിഫൈനലില്‍ തോല്‍വി നേരിടേണ്ടി വന്നു എന്ന ദുരന്തം കീവീസിന് മുന്നിലുണ്ട്. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയെങ്കിലും ഓസീസിനോട് തോറ്റു. ഇന്ത്യയും ന്യൂസിലൻഡും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയിട്ടുള്ളത് 8 തവണയാണ് ഇതിൽ 4 ജയം ന്യൂസിലൻഡിനും 3 എണ്ണത്തിൽ ഇന്ത്യയും ജയിച്ചു. ഒരെണ്ണത്തിൽ ഫലമുണ്ടായില്ല.