ഐപിഎല്ലിന്റെ 15-ാ൦ സീസൺ വമ്പൻ മാറ്റങ്ങൾക്കാണ് വേദിയാകുന്നത്. പുത്തൻ ടീമുകളുടെ വരവും, പുതിയ സ്പോൺസറും മെഗാ താരലേലവും (Mega Auction) എല്ലാം അടുത്ത സീസണിന്റെ വരവിന്റെ ആവേശം കൂട്ടുന്നു. അടിമുടി മാറ്റങ്ങളാണ് അടുത്ത സീസണിൽ സാക്ഷ്യമാവുക. പുത്തൻ താരനിരയുമായാകും അടുത്ത സീസണിൽ ടീമുകൾ എത്തുക. തങ്ങളുടെ ടീമുകളിലേക്ക് താരങ്ങളെ എത്തിക്കാനായി ഫെബ്രുവരി 12,13 തീയതികളിലായി നടക്കുന്ന മെഗാതാരലേലത്തിനായി കച്ചമുറുക്കി ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികളും. ഐപിഎൽ വരും സീസണിൽ 10 ടീമുകളാണ് മത്സരിക്കാൻ എത്തുന്നത്. അടുത്ത സീസണിൽ പുതുതായി എത്തുന്ന രണ്ട് ടീമുകൾ ഡ്രാഫ്റ്റിലൂടെ മൂന്ന് താരങ്ങളെ വീതം തിരഞ്ഞെടുത്തതോടെ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പൂർത്തിയായി. അടുത്ത മാസം നടക്കുന്ന മെഗാലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളെയും ലേലത്തിൽ അവർക്ക് മുടക്കാവുന്ന തുക എത്രെയെന്നും നോക്കാം-
അടുത്ത സീസണിൽ എത്തുന്ന പുതുമുഖ ടീമുകളിൽ ഒന്നായ അഹമ്മദാബാദ് ഡ്രാഫ്റ്റിലൂടെ മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ വജ്രായുധമായ അഫ്ഗാൻ താരം റാഷിദ് ഖാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന യുവ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ എന്നിവരെയാണ് അഹമ്മദാബാദ് സ്വന്തമാക്കിയത്. 15 കോടി രൂപ വീതം മുടക്കി ഹാർദിക്കിനെയും റാഷിദിനെയും സ്വന്തമാക്കിയ ഫ്രാഞ്ചൈസി എട്ട് കോടി രൂപയ്ക്കാണ് ഗില്ലിനെ സ്വന്തമാക്കിയത്. ഹാർദിക്കാണ് ടീമിന്റെ ക്യാപ്റ്റൻ.
അടുത്ത സീസണിലെ മറ്റൊരു പുതുമുഖ ടീമായ ലക്നൗ സൂപ്പർ ജയൻറ്സ് ഇന്ത്യൻ താരം കെ എൽ രാഹുൽ, ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റർ മാർക്കസ് സ്റ്റോയിനിസ്, ഇന്ത്യയുടെ യുവതാരം രവി ബിഷ്ണോയി എന്നിവരെയാണ് സ്വന്തമാക്കിയത്. ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത രാഹുലിനെ ഈ സീസണിലെ ഏറ്റവും കൂടിയ പ്രതിഫല തുകയ്ക്കാണ് ലക്നൗ സ്വന്തമാക്കിയത്. 17 കോടി രൂപയാണ് രാഹുലിന് പ്രതിഫലമായി ലഭിക്കുക. സ്റ്റോയിനിസിനെ 9.2 കോടി രൂപയ്ക്കും ബിഷ്ണോയിയെ 4 കോടി രൂപയ്ക്കുമാണ് ലക്നൗ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ പാടെ നിരാശപ്പെടുത്തിയ ഹൈദരാബാദ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. ടീമിന്റെ ക്യാപ്റ്റനായ കെയ്ൻ വില്യംസൺ (14 കോടി), വെടിക്കെട്ട് ബാറ്ററായ ഇന്ത്യൻ യുവ താരം അബ്ദുൽ സമദ് (4 കോടി), കഴിഞ്ഞ സീസണിൽ തന്റെ വേഗമേറിയ പന്തുകൾ കൊണ്ട് ശ്രദ്ധ നേടിയ ഇന്ത്യൻ യുവ താരം ഉമ്രാൻ മാലിക്ക് (4 കോടി) എന്നിവരെയാണ് ഹൈദരാബാദ് നിലനിർത്തിയത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലി (15 കോടി), ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്വെൽ (11 കോടി), പേസർ മുഹമ്മദ് സിറാജ് (7 കോടി) എന്നീ മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണോടെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങിയതിനാൽ വരുന്ന സീസണിൽ പുതിയ ക്യാപ്റ്റന് കീഴിലാകും ബാംഗ്ലൂർ അണിനിരക്കുക.
2008 ന് ശേഷം വീണ്ടുമൊരു ഐപിഎൽ കിരീടമെന്ന മോഹം പേറിയെത്തുന്ന രാജസ്ഥാൻ റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. മലയാളി താരമായ സഞ്ജു സാംസൺ തന്നെയാണ് റോയൽസിനെ ഇക്കുറിയും നയിക്കുന്നത്. 14 കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. സഞ്ജുവിന് പുറമെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ട്ലർ (10 കോടി), ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിലയിരുത്തപ്പെടുന്ന യുവതാരം യശസ്വി ജയ്സ്വാൾ (4 കോടി) എന്നിവരെയാണ് രാജസ്ഥാൻ നിലനിർത്തിയത്.
ഓരോ പുതിയ സീസണിലും ഒരു പുതിയ ലൈനപ്പ് എന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെയാണ് പഞ്ചാബ് കിങ്സ് എത്തുന്നത്. ഓരോ ടീമുകൾക്കും നിലനിർത്താൻ കഴിയുന്ന കളിക്കാരുടെ എണ്ണത്തിൽ ഏറ്റവും കുറച്ച് കളിക്കാരെ മാത്രം നിലനിർത്തിക്കൊണ്ടാണ് പഞ്ചാബ് ലേലത്തിനെത്തുക. കേവലം രണ്ട് കളിക്കാരെ മാത്രമാണ് അവർ നിലനിർത്തിയത്. മായങ്ക് അഗർവാൾ (12 കോടി), അർഷദീപ് സിംഗ് (4 കോടി) എന്നിവരെയാണ് പഞ്ചാബ് നിലനിർത്തിയത്.
കൊൽക്കത്തയും നാല് താരങ്ങളെ നിലനിർത്തിയാണ് ലേലത്തിനെത്തുന്നത്. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ ആന്ദ്രേ റസൽ (12 കോടി), ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി (8 കോടി), കഴിഞ്ഞ സീസണിലെ കണ്ടെത്തലായ യുവ താരം വെങ്കടേഷ് അയ്യർ (8 കോടി), വെസ്റ്റ് ഇൻഡീസിന്റെ തന്നെ താരമായ സുനിൽ നരെയ്ൻ (6 കോടി) എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തിയത്.
വരും സീസണിലെ ഐപിഎല്ലിൽ മെഗാ താരലേലം നടക്കുന്നതിനാൽ ആരാധകരെല്ലാം തന്നെ ചെന്നൈ ആരെയൊക്കെയാണ് നിലനിർത്താൻ പോകുന്നതെന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കിയത്. ചെന്നൈയുടെ ഇതിഹാസ ക്യാപ്റ്റൻ, കഴിഞ്ഞ സീസണിൽ അവരെ ഐപിഎല്ലിലെ അവരുടെ നാലാമത്തെ കിരീടത്തിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തുമോ എന്നത് കാണാനായിരുന്നു ഏവരുടെയും കാത്തിരിപ്പ്. വരും സീസണിലേക്ക് നാല് പേരെ ചെന്നൈ നിലനിർത്തിയപ്പോൾ അതിൽ രണ്ടാമത്തെ താരമായി ധോണി ഉൾപ്പെട്ടതോടെ വരും സീസണിലും ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ ധോണിയെ കാണാനാകും എന്ന ആവേശത്തിലാണ് ആരാധകർ. ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചത്. 16 കോടിക്ക് ജഡേജയെ നിലനിർത്തിയ ചെന്നൈ ധോണിയെ 12 കൊടിക്കാണ് നിലനിർത്തിയത്. ഇരുവർക്കും പുറമെ ഇംഗ്ലീഷ് ഓൾ റൗണ്ടർ മൊയീൻ അലി (8 കോടി) കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ഋതുരാജ് ഗെയ്ക്വാദ് (6 കോടി) എന്നിവരെയും ചെന്നൈ നിലനിർത്തി.