ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഏറ്റവും സന്തോഷം പകരുന്ന വാർത്തയായിരുന്നു ബോക്സിങിൽ ലവ്ലിന ബോര്‍ഗോഹെയ്ന്റെ സെമി ഫൈനൽ പ്രവേശനം. 69 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ ചൈനീസ് തായ്പേയ് താരത്തെയാണ് ലവ്ലിന ബോര്ഗോഹെയ്ന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. 4-1നാണ് ലവ്ലിനയുടെ ജയം. സെമി ബെർത്ത് ഉറപ്പിച്ച താരം കുറഞ്ഞത് വെങ്കല മെഡൽ എങ്കിലും നേടുമെന്ന് ഉറപ്പായി. (AFP Photo)
ബാഡ്മിന്റണിൽ തന്റെ തകർപ്പൻ ഫോം സിന്ധു ഇന്നും തുടരുന്ന കാഴ്ചയാണ് കണ്ടത്. പ്രീക്വാർട്ടർ മത്സരത്തിൽ ജപ്പാന്റെ ലോക അഞ്ചാം നമ്പർ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പർ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ- 21-13, 22-20. 56 മിനിറ്റുകൾക്കുള്ളിലാണ് സിന്ധു മത്സരം തീർത്തത്. (AFP Photo)
അതേസമയം, ബോക്സിങ്ങിൽ ലവ്ലിനയുടെ മുന്നേറ്റം കണ്ട ദിവസം ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ മറ്റൊരു ബോക്സറായ സിമ്രൻജിത് കൗറിന് (നീല) ജയം നേടാൻ കഴിഞ്ഞില്ല. വനിതകളുടെ (57-60kg) കിലോ വിഭാഗത്തിൽ തായ്ലൻഡിന്റെ സുദാപോൺ സീസോന്ദീയോട് 1-5 എന്ന സ്കോറിനാണ് പ്രീക്വാർട്ടറിലെ ആദ്യ റൗണ്ടിൽ താരം പുറത്തായത്. (AFP Photo)
3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് പുരുഷ വിഭാത്തില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെക്ക് (മുൻനിരയിൽ വലത് വശത്ത്) യോഗ്യത നേടാനായില്ല. എങ്കിലും ദേശീയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് അവിനാഷ് മെച്ചപ്പെടുത്തിയത്. താരം മല്‍സരം പൂര്‍ത്തിയാക്കാനെടുത്ത സമയം-8.18.12.
(AFP Photo)
അത്ലറ്റിക്സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനമായിരുന്നു. ഗ്ലാമര്‍ ഇനമായ വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ഇറങ്ങിയ ഇന്ത്യന്‍ താരം ദ്യുതി ചന്ദ് ഹീറ്റ്സില്‍ പിന്തള്ളപ്പെട്ടു. അഞ്ചാം ഹീറ്റ്സില്‍ ദ്യുതി മല്‍സരം പൂര്‍ത്തിയാക്കിയത് 11.54 സെക്കന്റിലായിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹീറ്റ്സില്‍ മലയാളി താരം എംപി ജാബിർ ഹീറ്റ്സിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഏറ്റവും അവസാനമായി 4-400 മീറ്റര്‍ മിക്സഡ് റിലേയിലും ഇന്ത്യന്‍ ടീമിന് ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. (AFP Photo)
സെയ്ലിംഗിൽ ഇന്ത്യയുടെ വിഷ്ണു ശരവണൻ ഓവറോൾ പൊസിഷനിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20ആം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 49er ഇനത്തിൽ ഇന്ത്യയുടെ കെ സി ഗണപതി, വരുൺ ധക്കർ സഖ്യം 116 പോയിന്റുമായി 17ആം സ്ഥാനത്ത് തുടരുന്നു. അതേസമയം വനിതകളിൽ നേത്ര കുമനന്‍ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. മോശം പ്രകടനം മൂലം നാല് സ്ഥാനങ്ങൾ ഇറങ്ങി നിലവിൽ 35ആം സ്ഥാനത്ത് നിൽക്കുന്നു. (AFP Photo)