മലേഷ്യയിലാണ് 2022 ലോകകപ്പിന്റെ ഏഷ്യൻ പ്രതിനിധികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടന്നത്. 40 ടീമുകളെ എട്ട് ഗ്രൂപ്പാക്കി തിരിച്ചാണ് രണ്ടാം മത്സരം. ഇ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഖത്തർ, ഒമാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണ് ഇന്ത്യക്കൊപ്പം ഇ ഗ്രൂപ്പിൽ. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ ഏറെ താഴെയാണ് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും. എന്നാൽ ഖത്തറും ഒമാനും ഇന്ത്യയേക്കാൾ മുന്നിലാണ്. എട്ട് ഗ്രൂപ്പുകളിലും മുന്നിലെത്തുന്നവരും മികച്ച നാല് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് മുന്നേറും. അതുകൊണ്ടുതന്നെ ഖത്തറിനേയോ ഒമാനെയോ തോൽപിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് സാധ്യതയുണ്ട്.
എന്നാൽ ഇപ്പോൾ പുരോഗമിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ താജിക്കിസ്ഥാൻ, ഉത്തര കൊറിയ പോലെയുള്ള ദുർബല ടീമുകളോട് ഇന്ത്യ ദയനീയ തോൽവി വഴങ്ങിയിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഒമാനാണ് ആദ്യ എതിരാളികൾ. അടുത്ത വർഷം ജൂൺ ഒമ്പത് വരെ മത്സരങ്ങൾ നീളും. ഹോം - എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ലോകകപ്പ് യോഗ്യതക്ക് ഒപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് തീരുമാനിക്കുക. ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നതും ഇക്കാരണത്താലാണ്.