മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. 2023ൽ സൂപ്പർ സീരീസ് ഏകദിന ചാംപ്യൻഷിപ്പ് സംഘടിപ്പിക്കാനുള്ള ഐസിസിയുടെ തീരുമാനം തള്ളിക്കളഞ്ഞുകൊണ്ടാണ് ബിസിസിഐ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകളുടെ പൂർണ പിന്തുണയും ബിസിസിഐയ്ക്കുണ്ട്. ബിസിസിഐ അധ്യക്ഷൻ സൌരവ് ഗാംഗുലിയാണ് ഐസിസിക്കെതിരായ നീക്കത്തിന് ചൂക്കാൻ പിടിക്കുന്നത്. തന്നെയുമല്ല, 2021ൽ ചതുർരാഷ്ട്ര സൂപ്പർ സീരീസ് ടൂർണമെന്റ് ഐസിസിക്ക് ബദലായി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്ക് പുറമെ കരുത്തരായ മറ്റൊരു ടീം കൂടി സൂപ്പർ സീരീസിൽ പങ്കെടുക്കും. ആദ്യ പതിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും.
ഏഷ്യകപ്പ് ഒഴികെ മറ്റൊരു ടൂർണമെന്റും മൂന്നു രാജ്യങ്ങളിൽ കൂടുതൽ പങ്കെടുപ്പിച്ചുകൊണ്ട് നടത്താൻ അംഗരാജ്യങ്ങളെ ഐസിസി അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് അവരെ വെല്ലുവിളിച്ച് ചതുർരാഷ്ട്ര ചാംപ്യൻഷിപ്പ് നടത്താൻ ഇന്ത്യ ഒരുങ്ങുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ട്രഷറർ അരുൺ സിങ് ധുമാൽ എന്നിവർ ഗാംഗുലിയുടെ പ്രതിനിധികളായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ലണ്ടനിലെത്തി കണ്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ ചർച്ചകളിലാണ് 2021 മുതൽ സൂപ്പർ സീരീസ് നടത്താൻ തീരുമാനമായത്.
ഐസിസിയുടെ സാമ്പത്തിക സ്രോതസുകളിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ തുടങ്ങിയ അംഗങ്ങളാണ്. എന്നാൽ 2023 മുതൽ സൂപ്പർ സീരീസ് ചാംപ്യൻഷിപ്പ് നടത്തുന്ന കാര്യം ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ബോർഡുകളോട് ആലോചിക്കാതെയാണ് ഐസിസി തീരുമാനിച്ചത്. കൂടാതെ തങ്ങൾ നൽകുന്ന സാമ്പത്തിക സ്രോതസിന് ആനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഏറെക്കാലമായി ഈ മൂന്നു ക്രിക്കറ്റ് ബോർഡുകൾക്കുമുണ്ട്.