India vs Australia | ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാൻ കോഹ്ലിപ്പട. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചിന് 186 റൺസെടുത്തു.
അർദ്ധസെഞ്ച്വറി നേടിയ മാത്യു വാഡെയുടെ(80) തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലെൻ മാക്സ് വെൽ 54 റൺസെടുത്തു പുറത്തായി. നായകൻ ആരോൺ ഫിഞ്ച് റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സ്റ്റീവൻ സ്മിത്ത് 24 റൺസെടുത്ത് പവലിയനിലേക്കു മടങ്ങി. ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടൺ സുന്ദർ രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു വി സാംസൺ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നുണ്ട്.