India vs Australia: ഇന്ത്യയെ എറിഞ്ഞിട്ട് കംഗാരുപ്പട; ഓസീസിന് ജയിക്കാൻ 256 റൺസ്
രോഹിത് ശർമ്മ(10), വിരാട് കോഹ്ലി(16), ശ്രേയസ് അയ്യർ(നാല്) എന്നിവർ നിരാശപ്പെടുത്തി.
News18 Malayalam | January 14, 2020, 6:11 PM IST
1/ 3
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 255 റൺസിന് ഓൾ ഔട്ടായി. 49.1 ഓവറിലാണ് ഇന്ത്യ പുറത്തായത്. ഓസീസ് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത് 74 റൺസെടുത്ത ശിഖർ ധവാന് മാത്രമാണ്. കെ.എൽ രാഹുൽ 47 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ്മ(10), വിരാട് കോഹ്ലി(16), ശ്രേയസ് അയ്യർ(നാല്) എന്നിവർ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റ് വീതമെടുത്ത പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ എന്നിവരാണ് ഓസീസ് നിരയിൽ തിളങ്ങിയത്.
2/ 3
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 10 റൺസെടുത്ത രോഹിത് ശർമ്മയെ മത്സരത്തിലെ അഞ്ചാമത്തെ ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഡേവിഡ് വാർണർ പിടികൂടുകയായിരുന്നു. പിന്നീട് ഒരുമിച്ച ശിഖർ ധവാനും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാൻ അനുവദിക്കാതെ ഓസീസ് ഇന്ത്യയെ വരിഞ്ഞുമുറുക്കി. റിഷഭ് പന്തും(28), രവീന്ദ്ര ജഡേജയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
3/ 3
രാഹുൽ, ധവാൻ, രോഹിത് തുടങ്ങിയ മൂന്നു ഓപ്പണർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ മറ്റ് ബാറ്റ്സ്മാൻമാർ. ഒരിടക്കാലത്തിനുശേഷം ജസ്പ്രിത് ബുംറ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. കരുത്തുറ്റ താരനിരയുമായാണ് ഓസ്ട്രേലിയ ഹ്രസ്വ ഏകദിന പരമ്പര കളിക്കാൻ ഇന്ത്യയിലെത്തിയത്. ഡേവിഡ് വാർണർ, നായകൻ ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, ആഷ്ടൻ ടർണർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.