അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 81 റൺസ് എന്ന നിലയിലാണ് ഇംഗ്ളണ്ട്. 7 പന്തുകള്‍ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തില്‍ റണ്ണൊന്നും എടുക്കാതെ ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ആദ്യം പുറത്തായത്. വൈകാതെ ക്യാപ്റ്റൻ ജോ റൂട്ട് 17 റൺസെടുത്ത് പുറത്തായി. ഇതിനിടെ ഒരറ്റത്ത് പിടിച്ചുനിന്ന് അർദ്ധ സെഞ്ച്വറി നേടിയ സാക് ക്രോളിയും പുറത്തായതോടെയാണ് ഇംഗ്ലണ്ട് പരുങ്ങലിലായത്. റൺസോടെ ബെൻ സ്റ്റോക്ക്സാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കു വേണ്ടി അക്ഷർ പട്ടേൽ, ആർ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റു വീതമെടുത്തപ്പോൾ ഇഷാന്ത് ശർമ്മ ഒരു വിക്കറ്റ് വീഴ്ത്തി.
നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് സീരിസില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് തുല്യ നിലയിലാണ് ഇരുടീമും. ചെന്നൈ ചെപ്പോക്കില്‍ നടന്ന ആദ്യ രണ്ടു ടെസ്റ്റില്‍ ആദ്യത്തേത് ഇംഗ്ലണ്ട് 227 റണ്‍സിനും രണ്ടാം ടെസ്റ്റ് ഇന്ത്യ 317 റണ്‍സിനും വിജയിച്ചിരുന്നു. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ്മ,രവിചന്ദ്ര അശ്വിന്,അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയത്.
പുതുക്കി പണിത അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തെ സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റേഡിയത്തിനാണ് പുതുക്കി പണിത ശേഷം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം നടത്തിയിരിക്കുന്നത്.
1982 ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്. തുടക്കത്തിൽ 49,000 പേർക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയമായിരുന്നു. 63 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഡിയത്തിൽ ഇൻഡോർ ക്രിക്കറ്റ് അക്കാദമിയുണ്ട്. 40 അത്ലറ്റുകൾക്ക് ഡോർമിറ്ററി സൌകര്യം, അത്യാധുനിക ജിംനേഷ്യവും ആറ് ഇൻഡോർ പ്രാക്ടീസ് പിച്ചുകളും മൂന്ന് ഔട്ട്ഡോർ പ്രാക്ടീസ് ഫീൽഡുകളുമുണ്ട്. ഒരേസമയം നാല് ടീമുകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഡ്രസ്സിംഗ് റൂമുകളും പുതുക്കി നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലുണ്ട്.
1983-84 സീസണിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് മത്സരമാണ് ആദ്യമായി മൊട്ടേരയിൽ നടന്ന അന്താരാഷ്ട്ര ടെസ്റ്റ് മത്സരം. 1984-85 ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം മൊട്ടേരയിൽ നടന്നു. 2012ലാണ് ഇവിടെ അവസാനമായി ടെസ്റ്റ് മത്സരം നടന്നത്. അവസാന ഏകദിനം 2014 ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരമായിരുന്നു. ഈ സ്റ്റേഡിയം 2015 ൽ ആണ് പുനർനിർമ്മാണത്തിനായി അടച്ചു പൂട്ടിയത്മൊട്ടേര സ്റ്റേഡിയത്തിൽ മൊത്തം 35 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട് - 12 ടെസ്റ്റുകൾ, 23 ഏകദിന- ടി20 മത്സരങ്ങൾ.