വിൻഡീസിലെ തകർപ്പൻ പ്രകടനത്തിനുശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. വിൻഡീസിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ടെസ്റ്റ്-ഏകദിന-ടി20 പരമ്പരകൾ പൂർത്തിയാക്കിയത്. ടി20 പരമ്പരയിൽ 3-0നാണ് ഇന്ത്യ ജയിച്ചത്. പരിക്കേറ്റ ആൾറൌണ്ടർ ഹർദ്ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് നാളത്തെ മത്സരത്തിലെ സവിശേഷത. എന്നാൽ അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോയെന്ന് കാത്തിരുന്ന കാണേണ്ടിവരും.
ഇംഗ്ലണ്ടിൽനടന്ന ലോകകപ്പിൽ നിരാശജനകമായ പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ലോക ക്രിക്കറ്റിന്റെ മുൻനിരയിലേക്കു മടങ്ങിയെത്താനുള്ള അവസരമാണ് ഇന്ത്യൻ പര്യടനം. പരിചയസമ്പന്നരായ ഫാഫ് ഡുപ്ലെസിസ്, ഹാഷിം ആംല, ഡേൽ സ്റ്റെയിൻ എന്നിവരുടെ അഭാവത്തിൽ ക്വിന്റൺ ഡികോക്കിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. ടെംബ ബവുമ, ബോൺ ഫോർടുയ്ൻ, ആൻറിച്ച് നോർട്ട്ജെ എന്നിവർ ദക്ഷിണാഫ്രിക്കൻ നിരയിലെ പുതുമുഖങ്ങളാണ്. എയ്ഡൻ മക്രാം, തിയൂണിസ് ഡെ ബ്രുയിൻ, ലുങ്കി എങ്കിഡി തുടങ്ങിയവർ ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് കരുത്തേകുന്ന താരങ്ങളാണ്. ഏത് ബാറ്റിങ് നിരയെയും തകർക്കാൻ കെൽപ്പുള്ള കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയുടെ തുറുപ്പ്ചീട്ട്. ബാറ്റിങ്ങിൽ നായകൻ ക്വിന്റൺ ഡികോക്കിന് പുറമെ പരിചയസമ്പന്നരായ ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്ക്സ് എന്നിവരുമുണ്ട്.