തിരുവനന്തപുരം: വിൻഡീസ് ബാറ്റ്സ്മാൻമാർ ആഞ്ഞടിച്ചപ്പോൾ മറുപടിയില്ലാതെ ഇന്ത്യൻ ബൌളർമാർ. രണ്ടാം ടി20യിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം വിൻഡീസ് 9 പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നു. പുറത്താകാതെ 67 റൺസെടുത്ത ലെൻഡിൽ സിമ്മൻസും 40 റൺസെടുത്ത എവിൻ ലൂയിസുമാണ് കരീബിയൻ നിരയിൽ തിളങ്ങിയത്. ഹെറ്റ്മെയർ 23 റൺസും നിക്കോളാസ് പുരാൻ പുറത്താകാതെ 38റൺസും നേടി.
തുടക്കത്തിൽ മന്ദഗതിയിലായിരുന്നു ഇന്ത്യയുടെ സ്കോറിങ്. ആദ്യ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. എന്നാൽ ശിവം ദുബെ വന്നതോടെ കളി മാറി. 27 പന്തിലാണ് ദുബെ ഫിഫ്റ്റി നേടിയത്. 30 പന്തിൽ 54 റൺസെടുത്ത് പുറത്താകുമ്പോൾ നാലു സിക്സറുകളും മൂന്നു ഫോറും ആ ഇന്നിംഗ്സിന് ചാരുതയേകി. വിൻഡീസിന് വേണ്ടി ഹെയ്ഡൻ വാൽഷും കെസ്രിക് വില്യംസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.