ഈ ലോകകപ്പിൽ ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. എന്നാൽ മറുവശത്ത് ജേസൻ ഹോൾഡറിനും സഹതാരങ്ങൾക്കും കഴിവിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. വിൻഡീസിന് ഏതാണ്ട് ലോകകപ്പിന് പുറത്തേക്കുള്ള വാതിലിന് അരികിലാണ്. എങ്കിലും കളിയുടെ ഗതി മാറ്റിമറിക്കാനുള്ള ഒറ്റയാൻ താരങ്ങളാൽ സമ്പന്നമാണ് വിൻഡീസ് നിര. മികച്ച താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്നത്തെ മത്സരം.
രോഹിത് ശർമ vs ഷെൽഡൺ കോട്രെൽ- ഒൻപത് വിക്കറ്റുമായി വിൻഡീസിന്റെ ഈ ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കറാണ് കോട്രെൽ. ഇരുദിശയിലേക്കും പന്ത് ചലിപ്പിക്കാൻ കഴിവുള്ള കോട്രെല്ലിന്റെ പ്രകടനം ന്യൂസിലാൻഡിനെതിരെ കണ്ടതാണ്. ആദ്യ ഓവറിൽ തന്നെ മാർട്ടിൻ ഗുപ്റ്റിലിനെയും കോളിൻ മൺറോയെയും കോട്രെൽ മടക്കി അയച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ അപകടകരമായ ഇൻസ്വിങ്ങറുകൾ എറിയാൻ കഴിവുള്ള കോട്രെല്ലിനെ രോഹിത് ശർമയും ഇന്ത്യൻ താരങ്ങളും കരുതിയിരിക്കണം.
വിരാട് കോഹ്ലി vs കെമർ റോച്ച്- ടൂർണമെന്റിലെ രണ്ടാം മത്സരത്തിനിറങ്ങിയ കെമർ റോച്ച് ന്യൂസിലാൻഡിനെതിരെ താളം കണ്ടെത്തിയിരുന്നു. മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ റോച്ച് പത്തോവറിൽ 38 റണ്സ് മാത്രമാണ് വിട്ടുകൊടുത്തത്. ടീമിലെ ഏറ്റവും സീനിയർ ബൗളറെന്ന നിലയ്ക്ക് വിരാട് കോഹ്ലിക്കെതിരെ ആധിപത്യം നേടാൻ റോച്ച് ശ്രമിക്കുമെന്ന് വ്യക്തം.
കുൽദീപ് യാദവ് vs ഷിംറോൺ ഹെറ്റ്മയർ- ഈ ലോകകപ്പിലേക്ക് വരുമ്പോൾ കുൽദീപ് എന്ന ഇടംകൈയൻ സ്പിന്നർ മികച്ച ഫോമിലായിരുന്നില്ല. എന്നാൽ പാകിസ്ഥാനെതിരായ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്തി. അഫ്ഗാനെതിരെ വിക്കറ്റ് സ്വന്തമാക്കിയില്ലെങ്കിലും 10 ഓവറിൽ 39 റൺസ് മാത്രമാണ് വഴങ്ങിയത്. മിഡിൽ ഓവറുകളിൽ ഹെറ്റ്മയറെ പിടിച്ചുകെട്ടാനായിരിക്കും സ്പിന്നർമാരുടെ ശ്രമം. കഴിഞ്ഞ രണ്ട് കളികളിലും ഹെറ്റ്മയർ അർധസെഞ്ചുറി നേടിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ ഇന്ത്യക്ക് കരുതലോടെ പന്തെറിയേണ്ടിവരും.
യുസ് വേന്ദ്ര ചാഹൽ vs കാർലോസ് ബ്രെത്ത് വെയ്റ്റ് - ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു ന്യസിലാൻഡിനെതിരായ ബ്രെത്ത് വെയ്റ്റിന്റേത്. അഞ്ച് റൺസ് അകലെ പുറത്താകുമ്പോൾ, 101 റൺസുമായി ഏതാണ്ട് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബ്രെത്ത് വെയ്റ്റ്. ഇന്ത്യക്കെതിരെ ബ്രെത്ത് വെയ്റ്റിനെ പിടിച്ചുകെട്ടേണ്ട ചുമതല ചാഹലിനായിരിക്കും. ലെഗ് സ്പ്പിന്നർ ഇതുവരെ എട്ടുവിക്കറ്റ് നേടിയിട്ടുണ്ട്. ഈ കളിയിൽ ഓന്നോ രണ്ടോ വിക്കറ്റ് കൂടിയെങ്കിലും സ്വന്തം പേരിനൊപ്പം ചേർക്കാനായിരിക്കും ചാഹൽ ആഗ്രഹിക്കുക.