ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ഫാൻ ചാരുലത പട്ടേൽ അന്തരിച്ചു. 87 വയസ് ആയിരുന്നു. ജനുവരി 13 നായിരുന്നു അന്ത്യം. ചാരുലത പട്ടേലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 2019 ലോകകപ്പിന്റെ സമയത്ത് ആയിരുന്നു ഒരു രാത്രി കൊണ്ട് ചാരുലത താരമായി മാറിയത്. ബംഗ്ലാദേശിനെതിരെയുള്ള ടീം ഇന്ത്യയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ആയിരുന്നു ചാരുലത ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.
ക്രിക്കറ്റിനോടുള്ള ചാരുലതയുടെ ആവേശം കണ്ട് വിരാട് കോലിയും രോഹിത്തും അന്ന് ചാരുലതയുടെ സമീപത്തെത്തി. തലയിൽ കൈവെച്ചും കവിളിൽ ചുംബിച്ചും ചാരുലത ഇരുവരെയും അനുഗ്രഹിച്ചു. കഴുത്തിൽ ത്രിവർണ സ്കാർഫ് ചുറ്റി, ക്രിക്കറ്റിനോടുള്ള ആവേശവും അഭിനിവേശവും ഗാലറിയിൽ അവർ പ്രകടിപ്പിച്ചു. 'ലോകകപ്പിന്റെ ചിത്രം' എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
'കഠിന ഹൃദയത്തോടെയാണ് ഞാനിത് നിങ്ങളെ അറിയിക്കുന്നത്. ജനുവരി 13ന് വൈകുന്നേരം 05.30 ഓടെ ഞങ്ങളുടെ സുന്ദരിയായ മുത്തശ്ശി അവരുടെ അന്ത്യശ്വാസമെടുത്തു. അസാധാരാണയായ സന്തോഷവതിയായ ഒരു സ്ത്രീ ആയിരുന്നു ഞങ്ങളുടെ മുത്തശ്ശി. ഞങ്ങളുടെ ലോകമായിരുന്നു അവർ' - ഇൻസ്റ്റഗ്രാമിൽ ചാരുലതയുടെ മരണവിവരം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.
ലീഡ്സിലെ ഹെഡിങ്ലെയിൽ നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരം കാണാനെത്തിയ ചാരുലതയ്ക്ക് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി ടിക്കറ്റ് വാഗ്ദാനം ചെയ്തത് പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാച്ചുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു അവർ. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിനെ തോൽപിച്ച് കപ്പ് ഉയർത്തിയപ്പോളും ചാരുലത അവിടെ ഉണ്ടായിരുന്നു.