1. ട്രെന്റ് ബോൾട്ട്(ഡെയർഡെവിൾസ്)- ആർസിബിക്കെതിരെ, ഐപിഎൽ 2018 ഡൽഹിക്കെതിരെ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ആർസിബി. കോഹ്ലിയും ഡിവില്ലിയേഴ്സും തകർത്തടിക്കുന്നു. ഹർഷദ് പട്ടേലിന്റെ പന്ത് ബൌണ്ടറിക്ക് പുറത്താക്ക് പായിക്കാനുള്ള കോഹ്ലിയുടെ ശ്രമം വായുവിൽ ഉയർന്ന് ചാടി ബോൾട്ട് കൈപ്പിടിയിലൊതുക്കി. ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു ഇത്. കോഹ്ലി പുറത്തായെങ്കിലും 90 റൺസെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിലെ ലക്ഷ്യത്തിലെത്തിച്ചു.
2. യുവരാജ് സിങ്(കിങ്സ് ഇലവൻ)- മുംബൈ ഇന്ത്യൻസിനെതിരെ, ഐപിഎൽ 2008 സച്ചിൻ നയിച്ച മുംബൈയ്ക്കെതിരെ പഞ്ചാബ് 189 റൺസെടുത്തു. സച്ചിൻ തകർത്തടിച്ചതോടെ മുംബൈ ജയത്തിനടുത്തെത്തി. അവസാന ഓവറിൽ സച്ചിൻ ക്രീസിൽനിൽക്കെ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടത് 19 റൺസ്. ആദ്യ രണ്ടു പന്തിൽ ഒരു സിക്സറും ഒരു ഫോറും. അവസാന രണ്ടു പന്തിൽ നാലു റൺസ്. അഞ്ചാമത്തെ പന്തിൽ ഡബിൾ. ഇതോടെ ഒരു പന്തിൽ മുംബൈയ്ക്ക് ജയിക്കാൻ രണ്ട് റൺസ് എന്ന നിലയിലായി. അവസാന പന്ത് ബാറ്റ്സ്മാൻ കവറിലേക്ക് പായിച്ചു. എന്നാൽ തകർപ്പൻ ഫീൽഡിങ്ങിലൂടെ പന്ത് കൈപ്പിടിയിലാക്കിയ യുവരാജ് വിക്കറ്റിലേക്ക് എറിഞ്ഞു. ഉന്നം തെറ്റിയില്ല. മുംബൈ താരം റണ്ണൌട്ടായി. ഒരു റൺസിന് ജയം പഞ്ചാബിനൊപ്പം നിന്നു. ഐപിഎൽ ചരിത്രത്തിലെ മികച്ച റണ്ണൌട്ടുകളിലൊന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
3. കീറൻ പൊള്ളാർഡ്(മുംബൈ)- രാജസ്ഥാൻ റോയൽസിനെതിരെ, ഐപിഎൽ 2014 ഹർഭജൻ സിങിനെതിരായ കെറോൻ കൂപ്പറുടെ തകർപ്പൻ ഷോട്ട് ബൌണ്ടറി ലൈനിൽ പൊള്ളാർഡ് കൈയിലാക്കിയത് ശരിക്കും അവിശ്വസനീയമായാണ്. സിക്സറെന്ന് ഉറപ്പിച്ച പന്താണ് പൊള്ളാർഡ് ഭദ്രമായി കൈയിലൊതുക്കിയത്. ഏറെ നിർണായകമായ ഈ വിക്കറ്റിലൂടെ മുംബൈ 25 റൺസിന് മത്സരം ജയിച്ചു.
4. ഡുപ്ലെസിസ്(സി.എസ്.കെ)- മുംബൈയ്ക്കെതിരെ, ഐപിഎൽ 2015 ഐപില്ലിലെ വൻശക്തികൾ ഏറ്റുമുട്ടിയ ഫൈനൽ പോരാട്ടം. ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച റണ്ണൌട്ടിന് സാക്ഷിയായ മത്സരം. മിഡോണിലേക്ക് ഡ്രൈവ് ചെയ്ത് സിംഗിൾ എടുക്കാനുള്ള പാർഥിവ് പട്ടേലിന്റെ ശ്രമമാണ് ഫാഫ് ഡുപ്ലെസിസ് തകർത്തത്. ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കിയ ഡുപ്ലെസിസ് ഒരു നിമിഷം പോലും പാഴാക്കാതെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. ദക്ഷിണാഫ്രിക്കൻ താരത്തിന് ഉന്നം തെറ്റിയില്ല. പാർഥിവ് പുറത്ത്. ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകാത്തതായിരുന്നു അന്നത്തെ ഡുപ്ലെസിസിന്റെ അത്ലറ്റിക് മികവ്.
5. ക്രിസ് ലിൻ(കെ.കെ.ആർ)- ആർസിബിക്കെതിരെ, ഐപിഎൽ 2014 കൊൽക്കത്ത ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം തേടി ആർസിബി ബാറ്റു ചെയ്യുന്നു. എബി ഡിവില്ലിയേഴ്സും ആൽബി മോർക്കലും ക്രീസിൽ നിൽക്കുമ്പോൾ ആർസിബിക്ക് ജയിക്കാൻ അവസാന ഓവറിൽ ഒമ്പത് റൺസ് വേണം. ആദ്യ മൂന്ന് പന്ത് സിംഗിൾ. ഇതോടെ മൂന്നു പന്തിൽ ആറ് റൺസ് എന്ന നിലയിലേക്ക് കളി മാറി. വിനയ് കുമാറിന്റെ നാലാം പന്ത് സിക്സറിന് പറത്തി ഡിവില്ലിയേഴ്സ്. ഗ്യാലറിയിൽ ആർസിബി ആഘോഷം തുടങ്ങി. എന്നാൽ ഒരു നിമിഷത്തേക്ക് എല്ലാവരും സ്തംബ്ധരായിപ്പോയി. മിഡ് വിക്കറ്റ് ബൌണ്ടറിയിൽ ഉയർന്ന് ചാടിയ ക്രിസ് ലിൻ അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലൊതുക്കി. ഡിവില്ലിയേഴ്സ് പുറത്ത്. മത്സരം രണ്ടു റൺസിന് ബാംഗ്ലൂർ തോൽക്കുകയും ചെയ്തു.