ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുമ്പോള് കെകെആറിന്റെ സ്ഥാനം ഏഴാമതാണ്. പ്ലേ ഓഫ് സാധ്യത സജീവമായുള്ള താരനിരയാണ് ആര്‍സിബി. എന്നാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇനിയുള്ള ഏഴ് മത്സരങ്ങളും ജയിച്ചാല്‍ ഒരു പക്ഷെ പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചേക്കും. വാശിയേറിയ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും എന്തൊക്കെയാണെന്നറിയാം. (BCCI Photo)
ആര്‍സിബി ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടങ്ങളാണ്. തന്റെ 200ാമത്തെ ഐപിഎല്‍ മത്സരമാണ് കോഹ്ലി കെകെആറിനെതിരെ കളിക്കുക. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം 200 മത്സരം കളിക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ഐപിഎൽ ആദ്യ സീസൺ മുതൽ ആർസിബിയുടെ താരമാണ് കോഹ്ലി. ഇതിനുപുറമെ 71 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 10000 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കെത്താനും കോഹ്ലിക്കാവും. ഈ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലിക്ക് ഇതിലൂടെ സ്വന്തമാവുക. അതേസമയം ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോഹ്ലി. ക്രിസ് ഗെയ്ൽ, കിറോൺ പൊള്ളാർഡ്, ഷോയിബ് മാലിക്, ഡേവിഡ് വാർണർ എന്നിവരാണ് കോഹ്ലിക്ക് മുന്നേ ഈ നേട്ടം കൈവരിച്ചത്.
ആര്‍സിബിയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സിനേയും ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ അഞ്ച് സിക്സുകള്‍ നേടിയാല്‍ ക്രിസ് ഗെയ്ലിന് ശേഷം ഐപിഎല്ലില്‍ 250 സിക്സര്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ എബിഡിക്കാവും. ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടി തകർപ്പൻ ഫോമിലാണെന്ന് തെളിയിച്ച ഡിവില്ലിയേഴ്സിന് ഈ റെക്കോർഡ് ഇന്ന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷ.
കെകെആര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേഷ് കാര്‍ത്തിക്കിന് 54 റണ്‍സുകൂടി നേടിയാല്‍ 4000 ഐപിഎല്‍ റണ്‍സ് എന്ന നാഴികക്കല്ലിൽ എത്താൻ സാധിക്കും. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും മൊത്തത്തിൽ 11ാമത്തെ താരവുമാകാന്‍ കാര്‍ത്തികിന് സാധിക്കും. ഇതിനുപുറമെ മത്സരത്തില്‍ രണ്ട് ക്യാച്ച് കൂടിയെടുത്താൽ എംഎസ് ധോണിയെ മറികടന്ന് ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പർ എന്ന നേട്ടവും കാർത്തിക്കിന് സ്വന്തമാക്കാം. നിലവിൽ 114 ക്യാച്ച് എടുത്ത സിഎസ്കെയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ പേരിലാണ് ഈ റെക്കോർഡ്.
ആര്‍സിബിയുടെ ഈ സീസണിലെ പ്രധാന ബൗളറാകാൻ പോകുന്ന മുഹമ്മദ് സിറാജിന് 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ വേണ്ടത് അഞ്ച് വിക്കറ്റ് കൂടി. 42 മത്സരത്തില്‍ നിന്ന് 45 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്താന്‍ സിറാജിനായി. അടുത്തിടെ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ സിറാജ് ഐപിഎല്ലിന്റെ രണ്ടാം പാദത്തിലും തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.