ഐപിഎല്‍ പതിനഞ്ചാം സീസണിൽ (IPL 2022) നടക്കാനിരിക്കുന്ന മെഗാതാരലേലത്തിനായുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. 1214-ലധികം താരങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 590 പേരെയാണ് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എസ് ശ്രീശാന്ത് (S Sreesanth) ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം.
കഴിഞ്ഞ തവണ പേര് റജിസ്റ്റര്‍ ചെയ്തിട്ടും ടീമുകള്‍ താല്പര്യം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തില്‍ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക.