ഐപിഎൽ 15-ാ൦ സീസണിനുള്ള പടയൊരുക്കം ആരംഭിച്ച് ചെന്നൈ സൂപ്പർ കിങ്സ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഐപിഎല്ലിനായി ആദ്യം പരിശീലനം ആരംഭിക്കുന്ന ടീമായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. വരും സീസണിനായി അവർ ചെന്നൈയിൽ തന്നെയാണ് ആദ്യം പരിശീലനം ആരംഭിച്ചതെങ്കിലും കോവിഡ് വ്യാപനം മൂലം ഐപിഎൽ മുംബൈയിലേക്കും പുണെയിലേക്കും മാറ്റിയതോടെ ചെന്നൈ തങ്ങളുടെ പരിശീലന ക്യാമ്പ് സൂറത്തിലേക്ക് മാറ്റുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റനായ എം എസ് ധോണി ഉൾപ്പെടെയുള്ള താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടക്കുന്നത്. താരങ്ങൾ ക്യാമ്പിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിങ്സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ തന്നെ ഇവയെല്ലാം വൈറലാവുകയായിരുന്നു.
ഐപിഎല്ലിൽ ധോണിയുടെ അവസാനത്തെ സീസണായിരിക്കും ഇത്തവണത്തേത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2020ല്‍ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ധോണിക്കും ടീമിനെതിരെയും വലിയ വിമർശനങ്ങളാണുയർന്നത്. ബാറ്റിങ്ങിൽ പഴയ വീര്യമില്ലെന്നും ക്യാപ്റ്റനായി മാത്രം ടീമിൽ തുടരേണ്ടതില്ലെന്നുള്ള തരത്തിലുള്ള വിമർശനങ്ങൾ ധോണിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ചെന്നൈയെ ജേതാക്കളാക്കി വിമർശകരുടെ വായടപ്പിക്കുകയാണ് ധോണി ചെയ്തത്. ധോണിയിൽ ആ പഴയ ഫിനിഷറെ കാണാൻ ആരാധകർക്കായില്ലെങ്കിലും ധോണിയെന്ന ക്യാപ്റ്റന്‍ ഒരു പോറലും പറ്റാതെ കാണാൻ അവർക്കായി.
ഇത്തവണയും ഇതേ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന സജീവ പ്രതീക്ഷയിലാണ് ചെന്നൈ. അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളെയും ടീമിൽ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അമ്പാട്ടി റായുഡു, റോബിന് ഉത്തപ്പ, മോയിൻ അലി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, മിച്ചൽ സാന്റ്നർ എന്നിവരെല്ലാം ഇത്തവണയും ടീമിനൊപ്പമുണ്ട്. അതേസമയം, ആരാധകരുടെ 'ചിന്നത്തല' സുരേഷ് റെയ്ന, ഫാഫ് ഡുപ്ലെസി എന്നിവര്‍ ഇത്തവണ ടീമിനൊപ്പമില്ല.
14 കോടി രൂപയ്ക്ക് ചെന്നൈ വിളിച്ചെടുത്ത ഇന്ത്യൻ പേസർ ദീപക് ചഹാറിന് പരിക്കേറ്റത് അവർക്ക് തിരിച്ചടിയാണ്. സീസണിലെ ഭൂരിഭാഗം മത്സരങ്ങളോ സീസണ് മുഴുവനായോ ദീപക്കിന് നഷ്ടമായേക്കും എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ അണിനിരന്ന ബൗളിംഗ് നിരയിൽ നിന്നും വ്യത്യസ്തമായ നിരയാണ് ചെന്നൈ ഇക്കുറി അണിനിരത്തുക. കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈയുടെ കൂടെയുണ്ടെങ്കിലും കാര്യമായ അവസരങ്ങൾ ലഭിക്കാത്ത മലയാളി പേസർ ആസിഫിനെ ഇക്കുറി ചെന്നൈയുടെ പ്ലെയിങ് ഇലവനിൽ കൂടുതൽ മത്സരങ്ങളിൽ കാണാൻ കഴിഞ്ഞേക്കും.
കർശനമായ മാനദണ്ഡങ്ങളും പ്രോട്ടോകോളുകളും ഒരുക്കിയാണ് ഇത്തവണത്തെ ഐപിഎല്‍ സംഘടിപ്പിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലിന്റെ ആദ്യ പാദം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയും ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയും രണ്ടാം പാദം യുഎഇയിൽ നടത്തേണ്ടി വന്നതിന്റെ അനുഭവമുള്ളതിനാൽ ഇത്തവണ അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ കോവിഡ് ചട്ടങ്ങളും സുരക്ഷാക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.