നാലോവറില്‍ കേവലം 11 റൺസ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. താരമെറിഞ്ഞ നാലോവറുകളിൽ രണ്ടെണ്ണം മെയ്ഡൻ കൂടിയായിരുന്നു. ഈ രണ്ട് മെയ്ഡൻ ഓവറുകളാണ് താരത്തിന് റെക്കോർഡ് ബുക്കിൽ ഇടം നേടിക്കൊടുത്തത്. ഐപിഎൽ ചരിത്രത്തില്‍ ഒഎസ് മത്സരത്തിൽ രണ്ട് മെയ്ഡനുകളെറിഞ്ഞ രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് ഹർഷലിനെ തേടിയെത്തിയത്. ബാംഗ്ലൂരിന്റെ തന്നെ താരമായ മുഹമ്മദ് സിറാജാണ് (Mohammed Siraj) ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
റെക്കോർഡ് നേട്ടത്തിൽ സിറാജിനൊപ്പം എത്തിയതിന് പുറമെ ഇരു താരങ്ങളുടെ പ്രകടനങ്ങളിലും സാമ്യതകൾ ഏറെയുണ്ട്. കൊൽക്കത്തയ്ക്കെതിരെ മെയ്ഡനുകൾ എറിഞ്ഞുകൊണ്ട് തന്നെയായിരുന്നു സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്. 2020 സീസണിലായിരുന്നു സിറാജിന്റെ ഈ മാജിക്കൽ പ്രകടനം അരങ്ങേറിയത്. കൊൽക്കത്തയ്ക്കെതിരെ അന്ന് നാലോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജ്, തുടരെ രണ്ട് മെയ്ഡനുകളാണ് മത്സരത്തിൽ എറിഞ്ഞത്.
അന്നത്തെ മത്സരത്തിൽ സിറാജിന്റെയും ഒപ്പം യുസ്വേന്ദ്ര ചാഹലിന്റെയും രണ്ട് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ കൊൽക്കത്തയെ 84 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു ബാംഗ്ലൂർ. മറുപടി ബാറ്റിങ്ങിൽ 13.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ ലക്ഷ്യം മറികടക്കുകയായിരുന്നു. സിറാജിനെ ആയിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ ഹർഷൽ പട്ടേലിന്റെ അച്ചടക്കത്തോടെയുള്ള ബൗളിങ്ങിന് ഒപ്പം തന്നെ ലങ്കൻ ഓൾ റൗണ്ടർ വാനിന്ദു ഹസരംഗയുടെ നാല് വിക്കറ്റ് പ്രകടനമാണ് കൊൽക്കത്തയെ തകർത്തത്. 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയുടെ പോരാട്ടവീര്യത്തിന് മുൻപിൽ അല്പം പതറിയെങ്കിലും ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന്റെ മികവിൽ അവർ നാല് പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തുകയായിരുന്നു. സീസണിൽ ബാംഗ്ലൂരിന്റെ ആദ്യം ജയം കൂടിയായിരുന്നു ഇന്നലെത്തേത്.