ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിറന്നാളിന് 'വിജയ'സമ്മാനം നൽകി മുംബൈ ഇന്ത്യൻസ്. രാജസ്ഥാന് റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്റെ ഹാട്രിക് സിക്സര്‍ ഫിനിഷിംഗില്‍ സൂപ്പർ വിജയം കണ്ടെത്തുകയായിരുന്നു. സൂര്യകുമാർ യാദവ് (29 പന്തിൽ 55), കാമറൂൺ ഗ്രീൻ (26 പന്തിൽ 44) എന്നിവരുടെ ബാറ്റിങ്ങും മുംബൈ വിജയത്തിൽ നിർണായകമായി.
രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും (23 പന്തിൽ 28), കാമറൂൺ ഗ്രീനും (26 പന്തിൽ 44) ചേർന്നാണ് മുംബൈ ഇന്നിങ്സിൽ മുന്നോട്ട് നയിച്ചത്. ജത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഏഴാം സ്ഥാനത്തേയ്ക്കു കയറി. രാജസ്ഥാൻ മുന്നാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വീണ്ടും വിജയപ്രതീക്ഷകൾ നൽകി.
ജേസന്‍ ഹോള്‍ഡര്‍ പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 17 റണ്‍സ് വേണമെന്നായി. ആദ്യ മൂന്ന് പന്തും ഗ്യാലറിയിലെത്തിച്ച് ടിം ഡേവിഡ് മത്സരം മുംബൈയുടേതാക്കി. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 45* ഉം തിലക് വര്‍മ്മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സോടെയും 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ മത്സരത്തിൽ രാജസ്ഥാനായി വലിയ സംഭാവനകൾ നൽകിയില്ല. 62 പന്തില്‍ 16 ഫോറും 8 സിക്സും സഹിതം യശസ്വി ജയ്സ്വാള്‍ 124 റണ്‍സ് നേടി.