വീണ്ടുമൊരു ഐപിഎൽ സീസൺ എത്തുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 സീസണിലെ മത്സരങ്ങൾക്ക് മാർച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ 4 തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. 16-ാം പതിപ്പിൽ 10 ടീമുകളാണ് ഐപിഎൽ കിരീടത്തിനായി പോരാടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ വർഷം 10 ടീമുകളെ നയിക്കുന്ന ക്യാപ്റ്റൻമാരെ ഒന്ന് പരിചയപ്പെടാം...
നിതീഷ് റാണ | ടീം: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | പരിക്ക് മൂലം ഈ സീസണിലെ മത്സരങ്ങൾ ഏറെയും ശ്രേയസ് അയ്യർക്ക് നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ്, മധ്യനിര ബാറ്റ്സ്മാൻ നിതീഷ് റാണയെ ടീമിന്റെ താൽക്കാലിക ക്യാപ്റ്റനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് റാണ ഐപിഎൽ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 12 ടി20കളിൽ എട്ട് വിജയങ്ങളും നാല് തോൽവികളുമായി റാണ ഡൽഹിയെ നയിച്ചിട്ടുണ്ട്.(ചിത്രം: IPL/BCCI)
എം എസ് ധോണി | ടീം: ചെന്നൈ സൂപ്പർ കിംഗ്സ് | രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാക്കാനുള്ള പരീക്ഷണം കഴിഞ്ഞ സീസണിൽ തിരിച്ചടിച്ചതോടെ ടീമിന്റെ 'തല' എന്നറിയപ്പെടുന്ന സാക്ഷാൽ എംഎസ് ധോണി, സീസണിന്റെ മധ്യത്തിൽ ചുമതല ഏറ്റെടുത്തത്. 2023ലും ധോണി തന്നെയാണ് സിഎസ്കെയെ നയിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണിയുടെ പരിചയസമ്പത്ത് തുണയാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. (ചിത്രം: IPL/BCCI)
ഡേവിഡ് വാർണർ | ടീം: ഡൽഹി ക്യാപിറ്റൽസ് | അപ്രതീക്ഷിത വാഹനാപകടത്തെത്തുടർന്ന് ഋഷഭ് പന്തിന് ഐപിഎൽ 2023 നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് ഡൽഹി ക്യാപിറ്റൽസ്, ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിനെ ക്യാപ്റ്റനാക്കിയത്. കഴിഞ്ഞ ഐപിഎൽ സീസണുകളിലെല്ലാം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള വാർണർ ഇത്തവണ ഡൽഹിയെ ചുമലിലേറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. (ചിത്രം: IPL/BCCI)
ഹാർദിക് പാണ്ഡ്യ | ടീം: ഗുജറാത്ത് ടൈറ്റൻസ് | ടീമിന്റെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീട നേട്ടത്തിലേക്ക് നയിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ 2022-ന്റെ തിരക്കഥയെഴുതിയത്. ഐപിഎൽ 2022 സീസണാണ് പാണ്ഡ്യ ആദ്യമായി ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത്, പാണ്ഡ്യ തന്റെ നേതൃമികവും ഓൾറൗണ്ട് പ്രകടനവുംകൊണ്ടാണ് ഗുജറാത്തിനെ കിരീടത്തിലേക്ക് മയിച്ചത്. 2023-ലെ ടി20 ലീഗിൽ കിരീടം നിലനിർത്തുന്ന ക്യാപ്റ്റനാകുകയെന്ന നേട്ടമാണ് പാണ്ഡ്യ ലക്ഷ്യമിടുന്നത്. (ചിത്രം: twitter.com/gujarat_titans)
കെ എൽ രാഹുൽ | ടീം: ലഖ്നൗ സൂപ്പർ ജയന്റ്സ് | കെഎൽ രാഹുൽ ബാറ്റിങ്ങിൽ മോശം ഫോം തുടരുന്നതിനിടെയാണ് ഐപിഎൽ വരുന്നത്. എന്നാൽ ബാറ്റിങ്ങിൽ ഫോമിലേക്ക് മടങ്ങിയെത്തുന്നതിനൊപ്പം കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിനൊപ്പം ലീഗിൽ അരങ്ങേറ്റം കുറിച്ച ലഖ്നൗ സൂപ്പർ ജയന്റ്സിനെ കിരീടത്തിലേക്ക് നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി രാഹുലിനുണ്ട്. (ചിത്രം: IPL/BCCI)
രോഹിത് ശർമ്മ | ടീം: മുംബൈ ഇന്ത്യൻസ് | രോഹിത് ശർമ്മയ്ക്ക് ഒരു ക്യാപ്റ്റനെന്ന നിലയിൽ തന്റെ ഏറ്റവും മോശം സീസണമായിരുന്നു കഴിഞ്ഞ വർഷത്തേത്. കാരണം അദ്ദേഹത്തിന്റെ ടീം മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ അടിമുടി അഴിച്ചുപണിത ടീമുമായി വലിയ വിജയം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിതും കൂട്ടരും. (ചിത്രം: IPL/BCCI)
ഐഡൻ മാർക്രം | ടീം: സൺറൈസേഴ്സ് ഹൈദരാബാദ് | സൺറൈസേഴ്സ് ഹൈദരാബാദിന് പുതിയ ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കൻ താരം ഐഡന മാർക്രമാണ് ഈ സീസണിലുള്ളത്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹോദര ടീമായ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് മർക്രമിന്റെ നേതൃനിരയിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിശ്വാസം അർപ്പിച്ചത്. (ചിത്രം: IPL/BCCI)