കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റഫറിയിങ് നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഔദ്യോഗികമായി പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ച എടികെ മോഹന്‍ ബഗാന് എഫ്സിയുമായുള്ള മത്സരത്തിലെ റഫറിയിങ് പിഴവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.
എടികെ താരം മന്‍വീര്‍ സിങിന്റെ ഹാന്‍ഡ് ബോളാണ് അവരുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. കോര്‍ണര്‍ സമയത്ത് എടികെ മോഹന്‍ ബഗാന് ഗോള്‍ കീപ്പര്‍, ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറെ തള്ളിയിട്ടിരുന്നു. ഇതൊന്നും റഫറിയുടെ പരിഗണനയില്‍ വന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിനെ സമീപിച്ചത്. ഇതുപോലുള്ള അബദ്ധ തീരുമാനങ്ങള്‍ മുന്‍ മത്സരങ്ങളിലും റഫറിമാര്‍ എടുത്തിരുന്നു
സീസണ് തുടക്കത്തില്‍, ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരായ സമനില മത്സരങ്ങളില്‍ റഫറിയിങിലെ പാളിച്ചകള്‍ മത്സര ഫലത്തെ നേരിട്ട് ബാധിച്ചിരുന്നു. ഞായറാഴ്ച മുതല്‍ നടന്ന സംഭവങ്ങളെത്തുടര്‍ന്ന്, റഫറിയിങ് നിലവാരത്തെ കുറിച്ച് അറിയിക്കുന്നതിന് ഇക്കാര്യം എഐഎഫ്എഫിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റഫറിയിങ് ഗുണനിലവാരത്തിലെ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഐഎഫ്എഫുമായി ഒരു ചര്‍ച്ചയ്ക്ക് തയാറാണെന്നും ക്ലബ്ബ് പറയുന്നു
ഗെയിം സ്പിരിറ്റ് എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിക്കാൻ , അതിനായി ക്ലബ്ബിന്റെ പരിധിക്കകത്ത് നിന്ന് എല്ലാം ചെയ്യാന്‍ ക്ലബ്ബ് സന്നദ്ധരും തല്പരരുമാണെന്ന് വ്യക്തമാക്കി. ഐഎസ്എല്ലിൽ ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്നു. പതിയെ മത്സരങ്ങളിൽ മഞ്ഞപ്പട തിരിച്ചുവന്നു. പലപ്പോഴും മികച്ച കളിയിലൂടെ വിജയം നേടുകയും ചെയ്തു . എന്നാൽ നിർണായക മത്സരങ്ങളിൽ പലപ്പോഴും റഫറിയിoഗ്ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി എന്ന ആക്ഷേപം ഒപ്പം ഉയർന്നിരുന്നു.
ഒരു മത്സരത്തിൽ അടിച്ച ഗോളും അനുവദിക്കാതിരുന്നത് മത്സരത്തിലെ പോയിൻറ് നിലയിൽ ബ്ലാസ്റ്റേഴ്സിന് നിർണായക സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. മറ്റ് ടീമുകളുടെ മത്സരങ്ങളിലും റഫറിയിങ്ങ് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു .ഈ സീസണിൽ ഐഎസ്എല്ലിൽ മോശം റഫറിയിങ്ങാണെന്ന് പരക്കെ വിമർശനവും ഉയർന്നിരുന്നു .ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിട്ട് പരാതി നൽകുന്നത്.
റഫറിയിംഗിലെ പിഴവുകൾ ഏറ്റവും പ്രതികൂലമായി ബാധിച്ച ടീമുകളിൽ മുൻനിരയിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് . നേടിയ ഗോളുകൾ അനുവദിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ച ഇടം ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിയുമായിരുന്നു. അതു വഴി പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്താനും മലയാളികളുടെ മഞ്ഞപ്പടയ്ക്ക് കഴിയുമായിരുന്നു. പ്ലേ ഓഫ് സാധ്യത മങ്ങിയെങ്കിലും മിന്നുന്ന പോരാട്ടമാണ് അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.