തിരുവനന്തപുരം: വിൻഡീസിനെതിരായ ആദ്യ ടി20യിലെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് നന്ദി പറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഹൈദരാബാദിൽ കോഹ്ലി പുറത്താകാതെ നേടിയ 94 റൺസിന്റെ മികവിലാണ് 208 എന്ന വമ്പൻ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് അഭിനന്ദനവുമായി അമിതാഭ് എത്തിയത്. ട്വീറ്റിലൂടെയായിരുന്നു ബിഗ് ബിയുടെ അഭിനന്ദനം.
വിഖ്യാത ചിത്രമായ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ തകർപ്പൻ ഡയലോഗ് പറഞ്ഞുകൊണ്ടാണ് ബച്ചൻ കോഹ്ലിയെ അഭിനന്ദിച്ചത്. 'ഞാൻ ഇത് എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ കളിയാക്കരുതെന്ന്, പക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ അദ്ദേഹം ഒരു ചുട്ട മറുപടി നൽകിയിരിക്കുന്നു. വിൻഡീസുകാരുടെ മുഖത്തേക്ക് നോക്കുക, അവർ എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്'- ഹിന്ദിയിലായിരുന്നു ബച്ചന്റെ ട്വീറ്റ്.