അജിത് അഗാർക്കറുടെ ഉറ്റ സുഹൃത്തായിരുന്ന മജഹരചിയുടെ സഹോദരിയായിരുന്നു ഫാത്തിമ. ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ക്രിക്കറ്റ് പ്രേമിയായ യുവാവ് സ്ഥിരമായി അജിത് അഗാർക്കറുടെ കളി കാണാനെത്തിയിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ സൌഹൃദത്തിലായത്. ക്രിക്കറ്റ് കളി കാണാൻ, ചിലപ്പോൾ ഫാത്തിമയും സഹോദരനൊപ്പം സ്റ്റേഡിയത്തിലേക്ക് വരാറുണ്ടായിരുന്നു. അങ്ങനെയാണ് ഫാത്തിമ, അഗാർക്കറെ കാണുന്നതും പരിചയപ്പെടുന്നത്.
ഒരു മറാത്തി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച അജിത് അഗാർക്കർ അധികം വൈകാതെ ഫാത്തിമയുമായി പ്രണയത്തിലായി. അതിനിടെ ക്രിക്കറ്റിൽ വലിയ ഉയരങ്ങളിലേക്ക് അഗാർക്കർ പൊയ്കൊണ്ടിരുന്നു. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി അഗാർക്കർ മാറി. എന്നാൽ ഫാത്തിമയുമായുള്ള വിവാഹം അഗാർക്കറെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.
ഒടുവിൽ മതത്തിന്റെ വേലിക്കെട്ട് തകർത്തെറിഞ്ഞ് 2002 ഫെബ്രുവരി 9 ന് അജിത്ത് ഫാത്തിമ ഗഡ്ലിയെ വിവാഹം കഴിച്ചു. അവരുടെ വിവാഹം അക്കാലത്ത് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അജിത്തിനും ഫാത്തിമയ്ക്കും രാജ് എന്നൊരു മകനുണ്ട്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങൾ അജിത്ത് സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്.