ബാഴ്സലോണയുമായുള്ള കരാർ തർക്കത്തിന് വിരാമമായെങ്കിലും ലയണൽ മെസി ഇനി എത്രകാലം അവിടെയുണ്ടാകുമെന്ന് ആർക്കും ഒരു ഉറപ്പുമില്ല. റെക്കോർഡ് തുകയ്ക്ക് മെസിയെ റാഞ്ചാൻ മറ്റു ക്ലബുകൾ ക്യൂ നിന്നത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നു. പട്ടികയിൽ റൊണാൾഡോയെ പിന്തള്ളി മെസിയാണ് ഒന്നാമത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ആഭ്യന്തര സോക്കർ ലീഗായി തുടരുന്നു, എന്നാൽ ധനികരുടെ പട്ടികയിൽ അവിടെനിന്ന് ആദ്യ പത്തിൽ ഇടംപിടിച്ച മൂന്നു കളിക്കാർ മാത്രമാണ് - ലിവർപൂളിന്റെ സ്ട്രൈക്കർ മുഹമ്മദ് സല അഞ്ചാം സ്ഥാനത്തും (37 മില്യൺ ഡോളർ) മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ പോൾ പോഗ്ബയും (34 മില്യൺ ഡോളർ) ) ആറാം സ്ഥാനത്തുമാണ്. പോഗ്ബയുടെ ടീം അംഗമായ ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ (27 മില്യൺ ഡോളർ) പത്താം സ്ഥാനത്താണ്.
ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ 8-2ന്റെ തോൽവി ഏറ്റുവാങ്ങിയതിനുശേഷം മെസിയും ബാഴ്സലോണയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. താരം ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ക്ലബ് മാറ്റത്തിന് 700 കോടി ഡോളർ ഫീസായി നൽകണമെന്ന് ബാഴ്സലോണ ആവശ്യപ്പെട്ടതോടെയാണ് താരം അവിടെ തുടരാൻ തീരുമാനിച്ചത്.