കോട്ടയം: കുമരകത്തിൻ്റെയും കോട്ടയത്തിൻ്റേയും പെരുമ കൂട്ടിയ വള്ളംകളി രംഗത്തെ ഇതിഹാസ നായകൻ നെല്ലാനിക്കൽ പാപ്പച്ചൻ്റെ സ്മരണ നിലനിർത്തുന്നതിനായി കുമരകം മുത്തേരിമട ആറ്റിൽ ജലോത്സവം സംഘടിപ്പിക്കുന്നു. സാധാരണയായി നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ട്രയൽ നടത്തുകയും കുമരകം ഭാഗത്തു നിന്നുള്ള വിവിധ വിഭാഗങ്ങളിൽ പെടുന്ന വള്ളങ്ങൾ അവസാന ലാപ്പിൽ മാറ്റുരച്ച് തങ്ങളുടെ ശക്തി വൈഭവം തെളിയിക്കുന്നതും കുമരകം മുത്തേരിമട ആറ്റിലാണ്. ഒരു ജലോത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് മുൻ വർഷങ്ങളിൽ മുത്തേരിമടയിലെ കൂട്ടായ്മ കഴിഞ്ഞു പോകാറുള്ളത്.
ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വിഭാഗങ്ങളിലുള്ള വള്ളങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരം സംഘടിപ്പിക്കുന്നത് ഓൾ കേരള വള്ളംകളി അസോസിയേഷൻ ആണ്. വള്ളമുടമകൾ, ക്ലബ് ഭാരവാഹികൾ, തുഴച്ചിൽക്കാർ, കമൻ്റേറ്റർമാർ, വള്ളംകളി സംഘാടകർ, സോഷ്യൽ മീഡിയ പ്രതിനിധികൾ തുടങ്ങി വള്ളംകളി മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഈ സംഘടനയിൽ അംഗങ്ങളാണ്.
ഓഗസ്റ്റ് 28ന് നടക്കുന്ന മുത്തേരിമട ജലോത്സവം ഫലത്തിൽ നെഹ്റു ട്രോഫി മത്സരത്തിന് മുന്നോടിയായുള്ള ഒരു സൗഹൃദമത്സരം കൂടിയാണ്. കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, എൻസിഡിസി കൈപ്പുഴമുട്ട്, സമുദ്ര ബോട്ട് ക്ലബ്, ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശ- പരിപ്പ്, പരിപ്പ് ബോട്ട് ക്ലബ്, ആർപ്പുക്കര ബോട്ട് ക്ലബ്, തിരുവാർപ്പ് ബോട്ട് ക്ലബ്, വരമ്പിനകം ബോട്ട് ക്ലബ് തുടങ്ങി നിരവധി ക്ലബുകളുടേതായി പ്രമുഖ കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡൻറ് കൊച്ചുമോൻ അമ്പലക്കടവനും സെക്രട്ടറി ബിനു വെട്ടിക്കാട്ടും അറിയിച്ചു.
മത്സര വള്ളംകളി ഉൾപ്പെടെ കുമരകത്തിന്റെ ടൂറിസം മേഖലയും ഉണർവിൽ എത്തുമെന്ന് ഇവിടെയുള്ളവർ പ്രതീക്ഷിക്കുന്നു. ഓണം സീസൺ അടുത്തതോടെ ഹോട്ടലുകളിൽ ബുക്കിങ്ങുകൾ കൂടിയിട്ടുണ്ട്. കുമരകത്തെ ഹൗസ് ബോട്ട് വ്യവസായവും വലിയ പ്രതീക്ഷയിലാണ് ഉള്ളത്. കോവിഡ് മഹാമാരി വലിയ പ്രതിസന്ധിയാണ് ഈ മേഖലയിൽ ടൂറിസത്തിന് ഉണ്ടാക്കിയത്. വൻതോതിൽ കടം വാങ്ങി ഹൗസ് ബോട്ടുകൾ ഇറക്കിയ പ്രാദേശിക വ്യവസായികൾ തിരിച്ചടിയുടെ നാളുകളിൽ നിന്ന് കരകയറാം എന്ന് കരുതുന്നു. ടൂറിസം മേഖല കേന്ദ്രീകരിച്ച് നൂറുകണക്കിന് തൊഴിലാളികളും കുമരകത്ത് നിന്ന് ഉണ്ട്.
ഓണം അടുത്തുനിൽക്കെ ഉണ്ടായ വെള്ളപ്പൊക്കം ടൂറിസം മേഖലയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. വെള്ളപ്പൊക്കം കുമരകത്തെ നേരിട്ട് കാര്യമായി ബാധിച്ചില്ല എങ്കിലും ഉരുൾപൊട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞതോടെ ടൂറിസ്റ്റുകൾ ബുക്കിങ്ങുകൾ റദ്ദാക്കിയിരുന്നു. നവംബർ മാസം മുതൽ കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുമെന്നും കുമരകം പ്രതീക്ഷിക്കുന്നു. അതിന് പിന്നാലെ വള്ളംകളി കൂടി എത്തുന്നത് വലിയ ആവേശം നൽകും എന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തെ ചതയം ദിനത്തിൽ ശ്രീനാരായണ വള്ളംകളി മത്സരം നടത്തിയിരുന്നു.