സ്വന്തം നാട്ടിൽ ആദ്യമായി ടെസ്റ്റ് കളിച്ച് ബാബർ അസം; പാക് ക്രിക്കറ്റിൽ പുത്തൻ പ്രതീക്ഷകൾ
അനൂപ് എ
News18 | December 15, 2019, 6:11 PM IST
1/ 4
ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ടെസ്റ്റ് റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റിന്റെ തിരിച്ചുവരവിന് നാട്ടിൽ തുടർച്ചയായി അന്താരാഷ്ട്ര മത്സരങ്ങൾ അനിവാര്യമാണ്. ഡിസംബർ 11 ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുഹമ്മദ് അബ്ബാസ് ആദ്യ പന്തെറിയുമ്പോൾ അത് ചരിത്രമാവുകയായിരുന്നു. 10 വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനിൽ ആദ്യ ടെസ്റ്റ് മത്സരം. 2009 ൽ ശ്രീലങ്കൻ ടീമിന് നേർക്ക് ഭീകരാക്രമണം നടന്നതിന് ശേഷം വിദേശ ടീമുകളൊന്നും പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. പിന്നീട് കൂടുതൽ പണം നൽകിയും പ്രധാനമന്ത്രിയുടേതിന് തുല്യമായ സുരക്ഷയൊരുക്കിയും ചില ഏകദിന, ട്വന്റി 20 മത്സരങ്ങൾ ഐസിസിയുടെ പിന്തുണയോടെ നടത്തി.
2/ 4
പാകിസ്ഥാൻ സൂപ്പർ ലീഗിലെ ഏതാനും മത്സരങ്ങൾക്കും വേദിയായി. പക്ഷേ, അപ്പോഴൊക്കെയും പല പ്രമുഖ താരങ്ങളും പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായില്ല. ഏറ്റവുമൊടുവിൽ ഏകദിന പരമ്പരക്കായി ശ്രീലങ്ക എത്തിയപ്പോഴും മുൻനിര താരങ്ങളിൽ പലരും വിട്ടുനിന്നു. ഏകദിന - ട്വന്റി 20 മത്സരങ്ങൾ നടന്നെങ്കിലും പാക് മണ്ണിലെത്തി ടെസ്റ്റ് കളിക്കാൻ ടീമുകൾ തയ്യാറായില്ല.
3/ 4
കാത്തിരിപ്പിനൊടുവിൽ ശ്രീലങ്ക - ഏറെ സമ്മർദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ശ്രീലങ്കൻ ടീം ടെസ്റ്റിനായി പാകിസ്ഥാനിൽ എത്തിയത്. നാട്ടിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ അഭാവം പാക് ടീമിന്റെ നിലവാരത്തെ ഏറെ പിന്നോട്ടടിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നിലവിൽ എട്ടാം സ്ഥാനത്താണവർ. 2009ന് ശേഷം പാക് ടീമിലെത്തിയവർക്ക് ഹോം ഗ്രൗണ്ടിൽ ഒരു ടെസ്റ്റ് പോലും ഇതുവരെ കളിക്കാനായിരുന്നില്ല. ഇന്ത്യയെപ്പോലെ ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഒരു ജനതയാണ് പാകിസ്ഥാനിലേതും. യു എ ഇയിലെ ഒഴിഞ്ഞ ഗാലറിക്ക് മുന്നിലല്ല അവരുടെ ടീം കളിക്കേണ്ടത്. നാട്ടിൽ കളി നടക്കാതായതോടെ മികച്ച കളിക്കാരുടെ വരവും ഇല്ലാതെയായി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞ ശേഷമാണ് ശ്രീലങ്കയുമായുള്ള പോരാട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ സാധ്യതകൾ നിലനിർത്താൻ ഈ പരമ്പരയിൽ അസർ അലിക്കും സംഘത്തിനും നന്നായി കളിച്ചേ മതിയാകൂ.
4/ 4
വരുമോ മറ്റ് ടീമുകൾ? - ഇനിയങ്ങോട്ട് നിഷ്പക്ഷ വേദിയിൽ മത്സരമില്ലെന്ന് പിസിബി വ്യക്തമാക്കിക്കഴിഞ്ഞു. ഹോം മത്സരങ്ങളുടെ അഭാവം ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക അടിത്തറയും തകർത്തു. യു.എ.ഇ ഭീമമായ വാടകയാണ് ആവശ്യപ്പെടുന്നതും. ഈ സാഹചര്യത്തിൽ തുടർന്നങ്ങോട്ടും അവിടെ പോയി കളിക്കുന്നത് സ്ഥിതി ഗുരുതരമാക്കും. അതിനേക്കാൾ പ്രധാനമാണ് നാട്ടിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കേണ്ടത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങളാണ് അടുത്ത വർഷങ്ങളിൽ പാകിസ്ഥാനിൽ കളിക്കേണ്ടത്. ഈ ടീമുകൾ വരികയാണെങ്കിൽ പാക് ക്രിക്കറ്റിന് അത് നൽകുന്ന ഉണർവ് ചെറുതാകില്ല. അങ്ങനെ വന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിന്റെ മടങ്ങിവരവിന്റെ തുടക്കമാകുമത്.