തിരുവനന്തപുരം: നെടുമങ്ങാട് കുണ്ടറ കുഴി സ്വദേശിയായ നിഖിലേഷ് തന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് പവർ ലിഫ്റ്റിംഗ് പരിശീലനം ആരംഭിക്കുന്നത്. നെടുമങ്ങാട് മുൻസിപ്പൽ ജിംനേഷ്യത്തിൽ വച്ചായിരുന്നു എല്ലാ ദിവസവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കഠിനമായ പരിശീലനം. നിരന്തര പരിശീലനത്തിലൂടെ കേരള സർവകലാശാലയിൽ തുടർച്ചയായ മൂന്നുപ്രാവശ്യം സ്ട്രോങ്ങ് മാൻ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു.
പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു നിഖിലേഷ് തുടർച്ചയായ മൂന്നു പ്രാവശ്യം സ്ട്രോങ് മാൻ ഓഫ് കേരള എന്ന വലിയ നേട്ടം സ്വന്തമാക്കിയത്. കുടുംബത്തിലെ ദാരിദ്ര്യം പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോഴും നിഖിലേഷ് എന്റെ മനക്കരുത്തു കൊണ്ട് പരിശീലനം തുടർന്നു. പിന്നീട്, നിഖിലേഷ് എത്തിയത് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക്.
2000ൽ പവർ ലിഫ്റ്റിങ്ങിലെ ദേശീയ റെക്കോർഡ് ഉടമ ആയതോടെയാണ് നിഖിലേഷ് രാജ്യശ്രദ്ധ നേടുന്നത്. പിന്നീട് രാപ്പകൽ ഇല്ലാത്ത അദ്ധ്വാനത്തിൽ നാല് പ്രാവശ്യം ദേശീയ ജേതാവും എട്ടുപ്രാവശ്യം സംസ്ഥാന ചാമ്പ്യനുമാകാൻ നിഖിലേഷിനായി. എന്നാൽ, ദാരിദ്ര്യം കലശലായതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇക്ബാൽ കോളേജിലെ പ്രീഡിഗ്രി പഠനം നിഖിലേഷിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
എന്നാൽ, വെല്ലുവിളികളെ മറികടന്ന് പവർ ലിഫ്റ്റിങ്ങിലെ ഓരോ മത്സരത്തിലും നിഖിലേഷ് വ്യക്തിമുദ്ര പതിപ്പിച്ചു. വെല്ലുവിളികളെ മറി കടക്കാൻ ചുറ്റുമുള്ളവരുടെ ആവേശമായിരുന്നു കരുത്ത്. കേരളത്തിന് അഭിമാനമായി മാറിയ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയതോടെ സർക്കാർ ജോലി നൽകാമെന്ന ഉറപ്പും ലഭിച്ചു. 2005ൽ അധികാരത്തിൽ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരാണ് നിഖിലേഷിന് സർക്കാർ ജോലി ഉറപ്പു നൽകിയത്.
അന്ന് കായിക മന്ത്രിയായിരുന്ന ഡൊമിനിക് പ്രസന്റേഷൻ നിഖിലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. തുടർന്നാണ് ജോലി നൽകാമെന്ന് ഉറപ്പു നൽകിയത്. ഇതിന്റെ ഭാഗമായി നിഖിലേഷ് നിവേദനം കൈമാറി. നിവേദനം നൽകിയതിന് പിന്നാലെ ഫയൽ നമ്പറും ലഭിച്ചു. പക്ഷേ, 16 വർഷങ്ങൾക്കിപ്പുറവും ഫയൽ നമ്പർ മാത്രം ഓർമ്മകളായി അവശേഷിക്കുന്നു.
പിന്നീട് മാറി മാറി വന്ന സർക്കാരുകളുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതിനായി നിഖിലേഷ് കയറി ഇറങ്ങാത്ത ഇടങ്ങളും കുറവാണ്. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കടം വാങ്ങിയാണ് ജീവിതം തള്ളി നീക്കിയത്. കുറേക്കാലം കൂലിപ്പണി ചെയ്താണ് ജീവിച്ചത്. എന്നാൽ, കാലിൽ ഉണ്ടായ പരിക്ക് അഖിലേഷിന്റെ ഉപജീവനത്തെ സാരമായി ബാധിച്ചു. ഇതോടെ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാതെ വീട്ടിൽ ദുരിതം പേറി ജീവിച്ചു.
നിലവിൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗവും ഇല്ലാതായതോടെ ടാപ്പിംഗ് ജോലിയിലേക്ക് കടന്നിരിക്കുകയാണ് നിഖിലേഷ്. എന്നും പുലർച്ചെ രണ്ടു മണിക്ക് റബ്ബർ ടാപ്പിംഗ് ജോലിക്കായി പോകും. ഉച്ച വരെ നീണ്ടു നിൽക്കുന്ന കഠിനപ്രയത്നം ആണ് പിന്നെ. ഇതിനിടയിൽ, സഹകരണ സംഘത്തിൽ നിന്നും ലോൺ എടുത്താണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം നിഖിലേഷ് യാഥാർത്ഥ്യമാക്കിയത്.
ഒരുപാട് വർഷത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ വീട് നിർമിച്ച് എങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങി. ഇതോടെ, ഏതു നിമിഷം വേണമെങ്കിലും വീട് ജപ്തി ചെയ്യപ്പെടാം എന്ന ഭീഷണി നില നിൽക്കുകയാണ്. സി പി എം പ്രവർത്തകൻ കൂടിയായ നിഖിലേഷിന് സർക്കാരിനോട് ഒന്നു മാത്രമേ പറയാനുള്ളൂ. 'ദേശീയ റെക്കോർഡ് അടക്കം നിരവധി നേട്ടങ്ങളിലൂടെ കേരളത്തിന് അഭിമാനമായി മാറിയതിന്റെ അടിസ്ഥാനത്തിൽ ആണ് 2005 സർക്കാർ തനിക്ക് ജോലി ഉറപ്പ് നൽകിയത്. എന്നാൽ, പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. തന്നെപ്പോലെ നീതി ലഭിക്കാതെ നിരവധി കായികതാരങ്ങളാണ് സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നത്.'
'താൻ ദാരിദ്ര്യത്തിനിടയിലും സ്വന്തമായി പണം മുടക്കിയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തത്. അന്ന് ബന്ധപ്പെട്ട ആളുകളിൽ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ല. ഇത്തരത്തിൽ വർഷങ്ങളോളം രാപ്പകലില്ലാതെ പരിശീലനം നടത്തിയും സ്വന്തമായി പണം മുടക്കിയുമാണ് കായികതാരങ്ങൾ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ഇത്തരത്തിൽ കേരളത്തിന് അഭിമാനമായി മാറുന്ന കായികതാരങ്ങളെ സർക്കാർ ഒരിക്കലും മറക്കരുത്'