ന്യൂഡൽഹി: ഫോളോ ഓൺ വഴങ്ങിയശേഷം തിരിച്ചടിച്ച് ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷ പേ ചർച്ച പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഫോളോ ഓൺ വഴങ്ങി തോൽവി ഉറപ്പിച്ചിടത്തുനിന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. ഒടുവിൽ അവിശ്വസനീയമാംവിധം വിജയവും ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പിടിച്ചെടുത്തു.
2001ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ കൊൽക്കത്ത ടെസ്റ്റിലാണ് ഇന്ത്യയുടെ തകർപ്പൻ പ്രകടനം. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേർന്ന് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഹർഭജൻ സിങ്ങിന്റെ മാസ്മരിക ബൌളിങ്ങിൽ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ ചരിത്രവിജയം നേടുകയായിരുന്നു.
കൂടാതെ വെസ്റ്റിൻഡീസിനെതിരെ ബാറ്റുചെയ്യുമ്പോൾ താടിയെല്ല് പൊട്ടിയ അനിൽ കുംബ്ലെ പരിക്ക് വകവെക്കാതെ പന്തെറിയാനെത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുംബ്ലെയുടെ മനോധൈര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. പോസിറ്റീവായി ചിന്തിച്ചാൽ എത്ര വലിയ കാര്യമാണെങ്കിലും അനായാസമായി സാധിക്കാമെന്നതിനാണ് ക്രിക്കറ്റിലെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി നിരത്തിയത്.