ഓവൽ: ഇംഗ്ലണ്ടിനെതിരെ സിക്സർ പെരുമഴ പെയ്യിച്ച് ഇന്ത്യൻ നായകൻ റെക്കോർഡ് ബുക്കിൽ ഇടംനേടി. ഏകദിനത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഹിറ്റ്മാന്റെ സിക്സറുകൾ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും ഗ്യാലറിയിൽ ഒരു കുഞ്ഞ് പെൺകുട്ടിയ്ക്ക് വേദനയായി മാറി. രോഹിത് പായിച്ച ഒരു പുൾ ഷോട്ട് ഫൈൻ ലെഗ് ഗ്യാലറിയിലെ കുട്ടിയുടെ കൈയിലാണ് പതിച്ചത്. വേദനകൊണ്ട് പുളഞ്ഞ കുട്ടി നിർത്താതെ കരഞ്ഞു. ഇതോടെയാണ് ഈ ദൃശ്യം ടിവി ക്യാമറകളിൽ പതിഞ്ഞത്. കമന്റേറ്റർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഇംഗ്ലണ്ട് ടീമിന്റെ ഫിസിയോ കുട്ടിയുടെ അടുത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സിക്സർ പായിക്കുന്നതിൽ പുതിയ നേട്ടവുമായി ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ്മ. ഏകദിനത്തില്‍ 250 സിക്സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോർഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് എതിരായ ഓവലില്‍ നടന്ന മത്സരത്തില്‍ അഞ്ച് സിക്സറുകളാണ് രോഹിത്തിന്റെ ബാറ്റില്‍ അതിർത്തിക്ക് പുറത്തേക്ക് പറന്നത്.
കഴിഞ്ഞ ദിവസത്തെ അഞ്ചു സിക്സറുകൾ കൂടി അടിച്ചതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന കളിക്കാരില്‍ രോഹിത് നാലാമത് എത്തി. 351 സിക്സോടെ പാകിസ്ഥാന് മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. 331 സിക്സോടെ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ല് രണ്ടാമചാണ്. 270 സിക്സുകള്‍ പറത്തിയ ലങ്കന്‍ മുന്‍ ഓപ്പണര്‍ ജയസൂര്യയാണ് മൂന്നാം സ്ഥാനത്തുണ്ട്.
രോഹിതും അദ്ദേഹത്തിന്റെ ഓപ്പണിംഗ് പങ്കാളി ധവാനും ഏകദിന ക്രിക്കറ്റിലെ പങ്കാളിത്തത്തിൽ 5,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒന്നായി ഇവർ മാറി. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളായ സച്ചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി സഖ്യത്തിന് തൊട്ടരികിൽ എത്താനും രോഹിത്-ധവാൻ സഖ്യത്തിന് സാധിച്ചു. 6609 റൺസുമായി സച്ചിനും ഗാംഗുലിയും ആണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 5372 റൺസ് നേടിയ ഓസീസ് ജോഡികളായ ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ, ഡി ഹെയ്ൻസ്-ഗോൾഡൻ ഗ്രീൻറിഡ്ജ് (5150) സഖ്യങ്ങളെ ഉടൻ മറികടക്കാൻ രോഹിതിനും ധവാനും സാധിക്കും.
താനും ധവാനും ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും ആദ്യ ഏകദിനത്തിൽ മാച്ച് വിന്നിംഗ് ഓപ്പണിംഗ് കൂട്ടുകെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞു. 'ഞാനും ധവാനും ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ആദ്യ പന്തിൽ ഒരു ആശയക്കുഴപ്പം (റൺഔട്ട് അവസരം) ഉണ്ടായതൊഴിച്ചാൽ ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയാണ് ബാറ്റു ചെയ്തത്," മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ ശർമ്മ പറഞ്ഞു.