ലണ്ടൻ: അമിതവേഗത്തിൽ വാഹനമോടിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വീണ്ടും കുടുങ്ങി. രണ്ടുവർഷത്തിനിടെ അതിവേഗ കുറ്റത്തിന് ആറാമത്തെ തവണ പിടിയിലായ വോണിന് 12 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ലണ്ടനിലെ വാടക ജാഗ്വാറിൽ മണിക്കൂറിൽ 40 മൈൽ (മണിക്കൂറിൽ 64 കിലോമീറ്റർ) പരിധി ലംഘിച്ചതായി മുൻ ലെഗ് സ്പിന്നർ മജിസ്ട്രേറ്റ് കോടതിയിൽ സമ്മതിച്ചിരുന്നു.
വാദം കേൾക്കാൻ കോടതിയിൽ ഇല്ലാതിരുന്ന വോണിന് 2018 ഓഗസ്റ്റ് 23 ഡ്രൈവിങിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ രണ്ടാമനായ ഷെയ്ൻ വോണിന് ഇതിനോടകം വാഹന ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളിലായി ലൈസൻസിൽ 15 പെനാൽറ്റി പോയിന്റുകൾ ഉണ്ടായിരുന്നു. പടിഞ്ഞാറൻ ലണ്ടനിൽ താമസിക്കുന്ന വോണിൽനിന്ന് 1,845 ഡോളർ (3,000 ഡോളർ) കോടതി പിഴ ഈടാക്കിയിരുന്നു.
“ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലൂടെ നിയമലംഘനത്തിനുള്ള ശിക്ഷയും പൊതുജനങ്ങളെ സംരക്ഷിക്കുകയും കുറ്റം ആവർത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയുമാണ് ഉദ്ദേശിക്കുന്നത്” ഡെപ്യൂട്ടി ജില്ലാ ജഡ്ജി അഡ്രിയാൻ ടർണർ പറഞ്ഞു. "ഇന്ന് ഞാൻ ചുമത്തേണ്ട മൂന്ന് കാര്യങ്ങളും കണക്കിലെടുത്ത് 15 പെനാൽറ്റി പോയിൻറുകൾ ഉണ്ട്. 2016 ഏപ്രിലിനും കഴിഞ്ഞ വർഷം ഓഗസ്റ്റിനും ഇടയിൽ വോൺ ആറ് അതിവേഗ കുറ്റങ്ങൾ ചെയ്തതായാണ് കണ്ടെത്തിയത്. അതിനാലാണ് പുതിയതായി കുറ്റം ആവർത്തിച്ചപ്പോൾ 12 മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്''- അഡ്രിയാൻ ടർണർ പറഞ്ഞു.