ലണ്ടൻ: ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽനിന്ന് പുറത്തായതിൽ നിരാശ ആരാധകർക്ക് മാത്രമല്ല, ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സിനും കനത്ത തിരിച്ചടിയാണ്. ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതോടെ 15 കോടി രൂപയുടെ നഷ്ടമാണ് സ്റ്റാർ സ്പോർട്സിന് ഉണ്ടായത്. ഇന്ത്യ ഇല്ലാത്തതിനാൽ ഫൈനലിലെ പരസ്യവരുമാനത്തിൽ ഗണ്യമായ കുറവാണ് സ്റ്റാറിന് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഫൈനലിൽ കളിച്ചിരുന്നെങ്കിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പരസ്യ സ്പോട്ടിന് 30 ലക്ഷം വരെ ഈടാക്കുമായിരുന്നു. എന്നാൽ ഇപ്പോഴത് പരമാവധി 17 ലക്ഷം രൂപയാണ് ഈടാക്കുന്നത്.
അതേസമയം ഇന്ത്യയുടെ പുറത്താകൽ കോടികളുടെ നഷ്ടമുണ്ടാക്കിയെങ്കിലും ഐപിഎൽ, ലോകകപ്പ് എന്നിവ അടുത്തടുത്ത് വന്നത് ചാനലുകൾക്ക് വൻ ലാഭമുണ്ടാക്കിയിട്ടുണ്ട്. 100 ദിവസത്തോളം നീണ്ടുനിന്ന ക്രിക്കറ്റ് സീസണാണ് ലോകകപ്പ് ഫൈനലോടെ സമാപിക്കുന്നത്. ഇത്തവണ ലോകകപ്പിൽനിന്ന് 1800 കോടി രൂപയുടെ പരസ്യവരുമാനമാണ് സ്റ്റാർ സ്പോർട്സ് പ്രതീക്ഷിക്കുന്നത്.
ഒരു സാധാരണ ലോകകപ്പ് മത്സരത്തിൽ മൊത്തം 5,500 സെക്കൻഡ് പരസ്യ സമയമാണുള്ളത്. പലപ്പോഴും ഇത് 7000 സെക്കൻഡ് വരെയാകും. ഇത്തവണ ലോകകപ്പിന് ഫോൺപേ, വൺപ്ലസ്, ഹവേൽസ്, ആമസോൺ, ഡ്രീം 11, എംആർഎഫ് ടയറുകൾ ഉൾപ്പെടെ 40ഓളം കമ്പനികളാണ് പരസ്യം നൽകാൻ മത്സരിച്ചത്. കൊക്കകോള, ഊബർ, മൊണ്ടെലസ്, ഓപ്പോ, ഫിലിപ്സ്, സീയറ്റ് ടയറുകൾ, സ്വിഗ്ഗി, എയർടെൽ, വോഡഫോൺ, നെറ്റ്ഫ്ലിക്സ്, പൈസബസാർ, ഐസിഐസിഐ ലോംബാർഡ് തുടങ്ങിയവയും ലോകകപ്പ് സംപ്രേക്ഷണവേളയിൽ പരസ്യം നൽകി.
ടെലിവിഷൻ പരസ്യത്തിലൂടെ സ്റ്റാർ സ്പോർട്സ് 1,200 കോടി മുതൽ 1,500 കോടി രൂപ വരെയും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഹോട്ട്സ്റ്റാറിൽ 300 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2015 ലോകകപ്പിൽ സ്റ്റാർ നേടിയ 700 കോടി രൂപയുടെ വരുമാനത്തിന്റെ ഇരട്ടിയാണ് ഇത്തവണ ലഭിക്കുന്നതെന്നാണ് മണി കൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്.